Headlines

80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം; എങ്ങും കനത്ത സുരക്ഷ | Independence Day: India Celebrates 80th Independence Day, Tight Security Across The Country, Details Inside


India

oi-Jithin TP

80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി ആദ്യമായി ചെങ്കോട്ടയില്‍ ദേശീയ ഗീതമായ ‘വന്ദേമാതരം’ ഔദ്യോഗികമായി ആലപിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിനുണ്ട്.

സൂര്യനസ്തമിക്കാത്ത ബ്രിട്ടനെന്ന സാമ്രാജ്യത്തെ അസാധാരണമായ പോരാട്ടവീര്യം കൊണ്ട് മുട്ടുകുത്തിച്ച് വൈദേശികാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. 1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രിയിലാണ് ഇന്ത്യ സ്വതന്ത്രമാകുന്നതായി ജവഹര്‍ലാല്‍ നെഹ്‌റു പ്രഖ്യാപിക്കുന്നത്. രാജ്യമെമ്പാടും ആഹ്ലാദത്തിന്റേയും ആഘോഷത്തിന്റേയും സുദിനമായിരുന്നു അന്ന്.

Independence Day

മഹാത്മാ ഗാന്ധി, ഭഗത് സിംഗ്, റാണി ലക്ഷ്മിബായ്, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ്, എകെജി, പി കൃഷ്ണപിള്ള, ഇഎംഎസ്, കെ കേളപ്പന്‍, അംബേദ്കര്‍, വക്കം അബ്ദുള്‍ ഖാദര്‍ തുടങ്ങി അനേകരായ ധീരദേശാഭിമാനികളാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ മുന്നില്‍ നിന്ന് പോരാടിയത്.

അതേസമയം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനം അതീവ ജാഗ്രതയിലാണ്. ക്രമസമാധാനം ഉറപ്പാക്കാന്‍ 25,000-ത്തിലധികം ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയും നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. ഒപ്പം, ചെങ്കോട്ടയ്ക്ക് ചുറ്റും 1,000-ത്തിലധികം സിസിടിവി ക്യാമറകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വീഡിയോ അനലിറ്റിക്‌സ് സംവിധാനങ്ങളും ഉള്‍പ്പെടുന്ന ബഹുതല സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്ന ചെങ്കോട്ടയ്ക്ക് ചുറ്റും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവേശന കവാടങ്ങളിലും ചെങ്കോട്ടയ്ക്ക് ചുറ്റും പല ഘട്ടങ്ങളായുള്ള പരിശോധനകളും സ്‌ക്രീനിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ അടിയന്തര സാഹചര്യമോ നേരിടുന്നതിനായി പ്രത്യേക ഭീകരവിരുദ്ധ പ്രതിരോധ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രിമാരാണ് തുടക്കം കുറിക്കുക. ലോക്ഭവനില്‍ ഗവര്‍ണര്‍മാരും കളക്ടറേറ്റുകളില്‍ ജില്ലാ കളക്ടര്‍മാരും ദേശീയപതാക ഉയര്‍ത്തും. ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരാണ് ദേശീയപതാക ഉയര്‍ത്തുക. സാംസ്‌കാരിക കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍, ക്ലബുകള്‍ തുടങ്ങി രാജ്യത്തെമ്പാടും ഇന്ന് ത്രിവര്‍ണ പതാക വാനിലുയരും.

ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രി മോദിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്വീകരിക്കും. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച് 21 തവണയുള്ള വെടിമുഴക്കത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തും. വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തുന്നതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് 2,500 എന്‍സിസി കേഡറ്റുകളും ‘മൈ ഭാരത്’ വാളന്റിയര്‍മാരും ചേര്‍ന്ന് ‘വന്ദേമാതരം’ ആലപിക്കുകയും, അതിനുശേഷം ദേശീയ ഗാനം അവതരിപ്പിക്കുകയും ചെയ്യും.



Source link

Leave a Reply

Your email address will not be published. Required fields are marked *