Headlines

ഡിവൈഎഫ്ഐയുടെ അമരത്തേക്ക് ചിന്താ ജെറോം; ആദ്യത്തെ വനിതാ പ്രസിഡന്റ്, സെക്രട്ടറിയായി വിജിൻ | Chintha Jerome To Helm DYFI; First Woman President, M Vijin Becomes Secretary


Kerala

oi-Nidhin Illikkambath

കോട്ടയം: ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം എത്തിയേക്കും. സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ് നിലവിൽ ചിന്താ ജെറോം. കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലാണ് തീരുമാനം. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും കല്യാശേരി എംഎൽഎയുമായ എം വിജിൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്തേക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഡിവൈഎഫ്ഐ ഫ്രാക്ഷൻ യോഗത്തിൽ പാനൽ അവതരിപ്പിച്ചത്. ട്രഷർ ഉൾപ്പെടെയുള്ള ഭാരവാഹികളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. ആലപ്പുഴയിൽ നിന്നുള്ള രാഹുലിനാണ് ചുമതല ലഭിക്കുക. അടുത്ത ദിവസം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുതിയ പാനൽ അംഗീകരിക്കുമെന്നാണ് വിവരം. ഇതോടെ ചിന്താ ജെറോം ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ പ്രസിഡന്റായി മാറും.

chintha jerome

ഓഗസ്‌റ്റ് 19 മുതൽ 22 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കേണ്ടത്. ഫ്രാക്ഷൻ ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന രീതിയാണ് സാധാരണയായി സ്വീകരിക്കുന്നത്. എന്നാൽ ഇക്കുറി ഈ രീതിക്കെതിരെ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കണ്ണൂരിൽ നിന്നുള്ള ഒരംഗമാണ് വിമർശനം ഉന്നയിച്ചത്.

ഡിവൈഎഫ്ഐ ഭാരവാഹികളാകുന്നതിൽ നിലവിൽ 38 വയസ് എന്ന പ്രായപരിധി കർശനമാക്കിയിട്ടുണ്ട്. ഇതാണ് എം വിജിന് തുണയായതെന്നാണ് വിവരം. എന്നാൽ, കൃത്യസമയത്ത് സംഘടനാ സമ്മേളനങ്ങൾ നടക്കാത്തതിനാലാണ് പ്രായപരിധിയുടെ പേരിൽ പലരും ഒഴിവാക്കപ്പെടുന്നതെന്നായിരുന്നു ചില കോണുകളിൽ നിന്ന് ഉയർന്ന വിമർശനം.

സാധാരണയായി 3 വർഷം കൂടുമ്പോൾ ഡിവൈഎഫ്ഐയിൽ നേതൃമാറ്റമുണ്ടാകാറെങ്കിലും അടുത്തകാലത്തായി ഡിവൈഎഫ്ഐ സമ്മേളനങ്ങൾ നടന്നിട്ട് നാലു വർഷം പിന്നിട്ടിരുന്നു. 2022ൽ പത്തനംതിട്ടയിൽ വച്ചു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് നിലവിലെ ഭാരവാഹികളായി വികെ സനോജും, വി വസീഫും ചുമതലയേറ്റത്. അതിന് ശേഷം ഇപ്പോഴാണ് നേതൃമാറ്റം വരുന്നത്.

സംസ്ഥാന-ദേശീയ നേതൃത്വങ്ങൾക്ക് ഒരുപോലെ പ്രിയപ്പെട്ട ആളെന്ന പരിഗണനയാണ് ചിന്താ ജെറോമിന് തുണയായത്. തിരുവനന്തപുരം മുൻ മേയർ കൂടിയായ ആര്യാ രാജേന്ദ്രനായി ചിലർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പടെയുള്ളവർ ചിന്താ ജെറോം മതിയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

അതേസമയം, കൊല്ലം ജില്ലയിൽ നിന്നുള്ള നേതാവാണ് ചിന്ത ജെറോം. നേരത്തെ യുവജന ക്ഷേമ കമ്മീഷൻ ആയി ഉൾപ്പെടെ പ്രവർത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌. വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടം മുതലെ പാർട്ടിയിൽ സജീവമാണ് ചിന്താ ജെറോം. മറുവശത്ത് എം വിജിൻ ഇക്കുറി യുഡിഎഫ് തരംഗം ഉണ്ടായപ്പോഴും കല്യാശേരിയിൽ നിന്ന് ജയിച്ചുകയറി രണ്ടാം തവണയും എംഎൽഎയായ ആളാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *