Headlines

ബശ്ശാറുല്‍ അസദിന് വധശിക്ഷ; വിട്ടുകൊടുക്കുമോ റഷ്യ, മോസ്‌കോയില്‍ പഠനവും വായനയും | Bashar al Assad Sentenced To Death; Will Russia hand Over Him To Syria? Here Explain Of Verdict


International

oi-Ashif N

ദമസ്‌കസ്: സിറിയയുടെ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെയും കൂട്ടാളികളെയും വധശിക്ഷയ്ക്ക് വിധിച്ച് കോടതി. മാനവരാശിക്കെതിരായ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയാണ് ദമസ്‌കസിലെ ഫോര്‍ത്ത് ക്രമിനല്‍ കോടതി ശിക്ഷിച്ചത്. ബശ്ശാറിന്റെ സഹോദരന്‍ മാഹിറുല്‍ അസദ്, ബന്ധു ആതിഫ് നജീബ്, നിരവധി മുന്‍ സൈനിക നേതാക്കള്‍ എന്നിവര്‍ക്കെല്ലാം വധശിക്ഷയുണ്ട്.

ഇതില്‍ ആതിഫ് നജീബ് മാത്രമാണ് സിറിയയില്‍ അറസ്റ്റിലായിട്ടുള്ളത്. മറ്റുള്ളവര്‍ റഷ്യയിലും ലബ്‌നാനിലും മറ്റു പല രാജ്യങ്ങളിലും അഭയം തേടിയിരിക്കുകയാണ്. ചിലര്‍ ഒളിവ് ജീവിതം നയിക്കുന്നു. ലബ്‌നാനില്‍ കഴിയുന്നവരെ വിട്ടുകിട്ടാന്‍ സിറിയന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇവരെ കൈമാറാന്‍ സാധ്യതയുണ്ട് എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

bashar al assad syria court verdict

എന്നാല്‍ ബശ്ശാറും മാഹിറും റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലാണ് അഭയം തേടിയിട്ടുള്ളത്. റഷ്യന്‍ ഭരണകൂടവും സിറിയന്‍ സര്‍ക്കാരും നല്ല ബന്ധത്തിലാണെങ്കിലും ബശ്ശാറിനെയും മാഹിറിനെയും കൈമാറിയേക്കില്ല. ബശ്ശാര്‍ റഷ്യന്‍ ഭാഷ പഠിക്കുകയും നേത്ര ചികില്‍സയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണം നടത്തുകയുമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനത്ത സുരക്ഷയിലാണെങ്കിലും മോസ്‌കോയില്‍ ഇവര്‍ക്ക് ആഡംബര ജീവിതമാണ് എന്നാണ് വിവരം.

തുണീഷ്യയില്‍ തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിന്റെ അലയൊലികള്‍ എല്ലാ അറബ് രാജ്യങ്ങളിലേക്കും എത്തിയിരുന്നു. അതിന്റെ ഭാഗമായിരുന്നു 40 വര്‍ഷത്തിലധികമായി ഭരണം നടത്തുന്ന അസദ് ഭരണകൂടത്തിനെതിരെ സിറിയയില്‍ 2011ല്‍ തുടങ്ങിയ ജനകീയസമരം. ഇതിനെ സൈനികമായി നേരിട്ടത് ദര്‍ആ പ്രവിശ്യയില്‍ സുരക്ഷാ മേധാവിയായിരുന്ന ആതിഫ് നജീബ് ആണ്. പോലീസ് കൂട്ടക്കൊല നടത്തിയതോടെ പ്രതിഷേധം രാജ്യവ്യാപകമായി.

14 വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിലേക്ക് കാര്യങ്ങളെത്തി. 2024 ഡിസംബറില്‍ വിമത നേതാക്കള്‍ സംഘടിച്ച് അധികാരം പിടിക്കുകയായിരുന്നു. ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് ഉറപ്പായ വേളയില്‍ ബശ്ശാറും കുടുംബവും റഷ്യയിലേക്ക് പ്രത്യേക വിമാനത്തില്‍ രക്ഷപ്പെട്ടു. കോടികളുടെ പണവും സ്വര്‍ണവും എടുത്താണ് ബശ്ശാര്‍ രക്ഷപ്പെട്ടത് എന്നു വാര്‍ത്തകള്‍ വന്നിരുന്നു.

പ്രതികള്‍ക്കെതിരെ വ്യക്തമായ സാക്ഷി മൊഴികളുണ്ട് എന്ന് ജഡ്ജി ഫഖറുല്‍ ദീനുല്‍ അര്യാന്‍ വിധിയില്‍ പറയുന്നു. ആതിഫ് നജീബിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. നിര്‍വികാരനായിട്ടാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നിന്നത്. ബശ്ശാറിനെയും കുടുംബത്തെയും കൈമാറണം എന്ന് സിറിയ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും റഷ്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പുതിയ സിറിയന്‍ സര്‍ക്കാരുമായി സൗഹൃദം നിലനിര്‍ത്താന്‍ റഷ്യ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബശ്ശാറിനെ കൈമാറുമോ എന്നും വ്യക്തമല്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *