Headlines

വിജയുടെ മാസ്റ്റര്‍ പ്ലാന്‍ പൊളിഞ്ഞു? തനി വഴി എന്ന് ഡിഎംകെ, മുഖ്യമന്ത്രിയുടെ യോഗത്തില്‍ ഇവര്‍ മാത്രം | CM Vijay Plan Collapsed: DMK and AIADMK To Boycott Vijay Called Meeting On Delimitation, Then Why?


India

oi-Ashif N

ചെന്നൈ: മണ്ഡല പുനര്‍ നിര്‍ണയ ബില്ല് പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തവെ, തമിഴ്‌നാട്ടില്‍ നിന്ന് ഏകസ്വരം മുഴക്കാനുള്ള മുഖ്യമന്ത്രി സി ജോസഫ് വിജയുടെ ശ്രമം പാളി. മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എഐഎഡിഎംകെ അറിയിച്ചു. വിഷയത്തില്‍ കൃത്യമായ നിലപാട് പ്രഖ്യാപിച്ചതാണെന്നു വ്യക്തമാക്കിയ ഡിഎംകെയും യോഗത്തില്‍ പങ്കെടുക്കില്ല.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് വിജയ് വിളിച്ചു ചേര്‍ത്ത യോഗം. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളുള്ളത് ഡിഎംകെക്കാണ്. യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു എന്ന് കനിമൊഴി എംപി പറഞ്ഞു. ഈ സാഹചര്യത്തില്‍ യോഗം ഫലം കാണില്ല. വിജയുടെ ടിവികെ പാര്‍ട്ടിക്ക് ഒരു എംപി പോലുമില്ല. രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ മാത്രമാണ് ടിവികെക്ക് പാര്‍ലമെന്റ് അംഗങ്ങളുണ്ടാകുക. അല്ലെങ്കില്‍ 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം.

vijay called meeting boycott dmk mps

വിജയ് സര്‍ക്കാരില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, വിസികെ, മുസ്ലിം ലീഗ്, എംഡിഎംകെ എന്നീ പാര്‍ട്ടികളുടെ എംപിമാര്‍ യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ ഈ പാര്‍ട്ടികള്‍ക്കെല്ലാം വിരലില്‍ എണ്ണാവുന്ന എംപിമാരേ ഉള്ളൂ. ടിവികെ-ഡിഎംകെ പോര് ശക്തമായ വേളയിലാണ് വിജയ് യോഗം വിളിച്ചത് എന്നതും എടുത്തുപറയണം. മണ്ഡല പുനര്‍ നിര്‍ണയത്തില്‍ തങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ട് എന്ന് ഡിഎംകെ പറയുന്നു.

2011ലെ ജനസംഖ്യാ സെന്‍സസ് അടിസ്ഥാനമാക്കി ലോക്‌സഭാ മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണയിക്കുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്ലും ഇതോടൊപ്പം അവതരിപ്പിക്കും. വനിതാ സംവരണത്തെ എതിര്‍ക്കില്ലെന്നും എന്നാല്‍ അതോടൊപ്പം എന്തിനാണ് മണ്ഡല പുനര്‍ നിര്‍ണയം കൂട്ടിക്കെട്ടുന്നത് എന്നുമാണ് ഡിഎംകെയുടെ ചോദ്യം.

നിലവിലുള്ള മണ്ഡലങ്ങളുടെ കണക്കില്‍ 33 ശതമാനം വനിതാ സംവരണം വേണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ മണ്ഡലങ്ങളുടെ എണ്ണം 800 ആക്കി ഉയര്‍ത്തിയ ശേഷം വനിതാ സംവരണം കൊണ്ടുവരാനാണ് ബിജെപിയുടെ ആലോചന. ജനസംഖ്യ അടിസ്ഥാനമാക്കി മണ്ഡലം പുനര്‍ നിര്‍ണയിക്കുമ്പോല്‍ ഉത്തരേന്ത്യയില്‍ മണ്ഡലങ്ങളുടെ എണ്ണം വന്‍തോതില്‍ ഉയരും. ദക്ഷിണേന്ത്യയില്‍ നാമമാത്രമായ വര്‍ധനവേ ഉണ്ടാകൂ. ഇത് ബിജെപിക്ക് എക്കാലത്തും അധികാരത്തില്‍ തുടരാനുള്ള തന്ത്രമാണ് എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു.

കഴിഞ്ഞ ഏപ്രിലില്‍ മണ്ഡല പുനര്‍ നിര്‍ണയ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു എങ്കിലും പ്രതിപക്ഷം സഹകരിക്കാത്തതിനാല്‍ പരാജയപ്പെട്ടു. നിലവില്‍ പല സംസ്ഥാനങ്ങളിലും എംപിമാര്‍ കാലുമാറിയിട്ടുണ്ട്. ഇവര്‍ ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഡിഎംകെയുടെ പിന്തുണ കൂടി ലഭിച്ചാല്‍ കേന്ദ്രത്തിന് വലിയ ആശ്വാസമാകും. ഈ വേളയിലാണ് ബില്ലിനെതിരെ ഏകസ്വരമുയര്‍ത്താന്‍ വിജയ് യോഗം വിളിച്ചുചേര്‍ത്തത്. ഇതില്‍ പങ്കെടുക്കില്ലെന്ന് പ്രധാന പാര്‍ട്ടികള്‍ പറഞ്ഞതോടെ യോഗം അപ്രസക്തമായി.



Source link

Leave a Reply

Your email address will not be published. Required fields are marked *