Headlines

യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത; 2026ൽ അടിസ്ഥാന ശമ്പളം 3.4 ശതമാനം ഉയരും, സർവേ | Aroor Thuravoor Elevated Highway; 90 Percent Of Kuthiathodu Ramp Work Complete To Ease Travel


Kerala

oi-Nidhin Illikkambath

കൊച്ചി: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയിൽ നിന്ന് തുറവൂർ ജംഗ്‌ഷനിലേക്ക് നേരിട്ട് ഇറങ്ങുന്നതിനായി കുത്തിയതോട് നിർമ്മിക്കുന്ന റാംപിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. നിലവിൽ റാംപിന്റെ 90 ശതമാനത്തിലധികം ജോലികൾ പൂർത്തിയായതായി ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി റാംപ് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

നിർമ്മാണം പൂർത്തിയായി തുറന്ന് കൊടുത്താൽ കൊച്ചി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് അധിക ദൂരം സഞ്ചരിക്കാതെ തന്നെ തുറവൂരിലെത്താൻ സാധിക്കും. ഇപ്പോൾ കൊച്ചി ഭാഗത്തുനിന്ന് ഉയരപ്പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് തുറവൂരിലേക്ക് നേരിട്ട് ഇറങ്ങാൻ സൗകര്യമില്ല. ഏകദേശം അഞ്ച് കിലോമീറ്റർ മുന്നിലുള്ള പത്മാക്ഷി കവലയിലെത്തി അടിപ്പാത ഉപയോഗിച്ച് തിരിച്ചുവന്ന ശേഷമാണ് ഇപ്പോൾ തുറവൂരിലെത്തേണ്ടത്.

aroor thuravoor elevated highway

ഈ സമയനഷ്‌ടവും അധിക ഇന്ധനച്ചെലവും ഒഴിവാക്കുന്നതിനാണ് കുത്തിയതോട് പുതിയ റാംപ് നിർമ്മിക്കുന്നത്. റാംപ് പ്രവർത്തനസജ്ജമാകുന്നതോടെ യാത്രാസമയം കുറയുകയും ദേശീയപാതയിലെ ഗതാഗതം കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും. മാത്രമല്ല റാംപിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മാക്കേക്കടവ് പാലത്തിന്റെ സാധ്യതകളും കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയും.

കൊച്ചിയിൽ നിന്ന് കോട്ടയത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഉയരപ്പാതയിൽ നിന്ന് കുത്തിയതോട് റാംപിലൂടെ തുറവൂരിൽ ഇറങ്ങി തൈക്കാട്ടുശേരി റോഡ് വഴിയും മാക്കേക്കടവ് പാലം വഴിയും നേരിട്ട് കോട്ടയത്തേക്ക് യാത്ര തുടരാൻ സാധിക്കും. നിലവിലുള്ള പാതകളെ അപേക്ഷിച്ച് ഇത് കൂടുതൽ സൗകര്യപ്രദമായ മാർഗമായി മാറുമെന്നാണ് പ്രതീക്ഷ.

ഭാവിയിൽ തുറവൂർ-പമ്പ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ റാംപിന് കൂടുതൽ പ്രാധാന്യം കൈവരും. കൊച്ചി, എറണാകുളം മേഖലകളിൽ നിന്ന് കോട്ടയം, പത്തനംതിട്ട, ശബരിമല എന്നിവിടങ്ങളിലേക്ക് പോകുന്ന തീർഥാടകർക്കും ചരക്കുവാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും ഇത് വലിയ ആശ്വാസമാകും. ശബരിമല തീർഥാടന സീസണുകളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്ര കൂടുതൽ വേഗത്തിലാക്കുന്നതിനും നീക്കം സഹായിക്കും.

അതേസമയം, കുത്തിയതോട് റാംപിന്റെ നിർമ്മാണത്തിൽ ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. ഇരുവശങ്ങളിലും എൽ ആകൃതിയിലുള്ള കോൺക്രീറ്റ് റിട്ടെയിനിംഗ് ബ്ലോക്കുകൾ സ്ഥാപിച്ചശേഷം കോൺക്രീറ്റ് പാകിയാണ് പാതയുടെ നിർമ്മാണം പുരോഗമിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള നിർമ്മാണം ഉറപ്പാക്കുന്നതിനായി ഡ്രെയിനേജ് സംവിധാനങ്ങളും സംരക്ഷണഭിത്തികളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന ജോലികളും ഒരേസമയമാണ് നടത്തുന്നത്.

നിലവിൽ ആലപ്പുഴ ഭാഗത്തുനിന്ന് ഉയരപ്പാത കയറി അരൂർ, തോപ്പുംപടി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളുടെ സൗകര്യത്തിനായി ചന്തിരൂർ, അരൂർ ബൈപാസ് ജംഗ്‌ഷൻ എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന റാംപുകളുടെ ജോലിയും പുരോഗമിക്കുകയാണ്. ഈ റാംപുകളുടെ നിർമ്മാണം നിലവിൽ ഏകദേശം 50 ശതമാനം പൂർത്തിയായിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *