Headlines

ഇനി ഇറങ്ങിക്കളിക്കാന്‍ കൊറിയയും.. 13 വര്‍ഷത്തിന് ശേഷം സ്വര്‍ണം വാങ്ങാന്‍ ബാങ്ക് ഓഫ് കൊറിയ, വില കൂടുമോ? | Gold Reserve: Bank of Korea Resumes Physical Gold Purchases After 13 Years, Details Inside


International

oi-Jithin TP

13 വര്‍ഷത്തിനിടയില്‍ ആദ്യമായി നേരിട്ട് സ്വര്‍ണം വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ച് ബാങ്ക് ഓഫ് കൊറിയ. കയറ്റുമതിക്കായി ഉദ്ദേശിച്ചിട്ടുള്ള, ആഭ്യന്തര കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്വര്‍ണമാണ് ഇതിനായി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം രണ്ടാം പാദം മുതല്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ വാങ്ങാന്‍ തുടങ്ങിയ സെന്‍ട്രല്‍ ബാങ്ക്, വിദേശനാണ്യ കരുതല്‍ ശേഖരം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഭൗതിക സ്വര്‍ണം വാങ്ങാനുള്ള മറ്റൊരു മാര്‍ഗ്ഗം കൂടി ഒരുക്കുന്നത്.

എന്നിരുന്നാലും, കൊറിയയിലെ ആഭ്യന്തര സ്വര്‍ണ ഉല്‍പ്പാദനവും കയറ്റുമതി അളവും വളരെ കുറവായതിനാല്‍ ഇതിന്റെ ഫലം പരിമിതമായിരിക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന സ്വര്‍ണം വാങ്ങുന്നതിനായി കൊറിയ എക്‌സ്‌ചേഞ്ച്, കൊറിയ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി, ആഭ്യന്തര സ്വര്‍ണ ഉല്‍പ്പാദകരായ എല്‍എസ് എംഎന്‍എം എന്നിവയുമായി സഹകരണ കരാര്‍ ഉണ്ടാക്കിയതായി ബാങ്ക് ഓഫ് കൊറിയ അറിയിച്ചു.

Gold Reserve

ഈ പദ്ധതി പ്രകാരം, വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്വര്‍ണം വാങ്ങാന്‍ ആഭ്യന്തര ഉല്‍പ്പാദകര്‍ അഭ്യര്‍ത്ഥിക്കുമ്പോള്‍, ആഭ്യന്തര-അന്താരാഷ്ട്ര സ്വര്‍ണ്ണ വില, വിപണി സാഹചര്യങ്ങള്‍, സ്വന്തം സ്വര്‍ണ്ണ മാനേജ്‌മെന്റ് പദ്ധതി എന്നിവ പരിഗണിച്ച ശേഷം ഇടപാട് നടത്തണോ എന്ന് ബാങ്ക് ഓഫ് കൊറിയ തീരുമാനിക്കും. കൊറിയ എക്‌സ്‌ചേഞ്ചിന്റെ സ്വര്‍ണ വിപണിയിലെ ‘നെഗോഷ്യേറ്റഡ് ബ്ലോക്ക്-ട്രേഡ്’ സംവിധാനം ഉപയോഗിച്ചായിരിക്കും ഇടപാടുകള്‍ നടക്കുക.

ഇടപാട് തീര്‍പ്പാക്കലും സൂക്ഷിപ്പും കൊറിയ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി നിര്‍വ്വഹിക്കും. 2013-ന് ശേഷം നിര്‍ത്തിവെച്ച സ്വര്‍ണ വാങ്ങല്‍ ആണ് കൊറിയ പുനരാരംഭിക്കാന്‍ പോകുന്നത്. 2011-ല്‍ 40 ടണ്‍, 2012-ല്‍ 30 ടണ്‍, 2013-ല്‍ 20 ടണ്‍ എന്നിങ്ങനെ ആകെ 90 ടണ്‍ സ്വര്‍ണം ബാങ്ക് ഓഫ് കൊറിയ വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞതോടെ മൂല്യത്തകര്‍ച്ച നേരിടേണ്ടി വന്നു.

മാത്രമല്ല ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വാങ്ങിയെന്ന വിമര്‍ശനം ഉയര്‍ന്നതോടെ സെന്‍ട്രല്‍ ബാങ്ക് നേരിട്ടുള്ള സ്വര്‍ണ വാങ്ങല്‍ നിര്‍ത്തിവെക്കുകയും ചെയ്തു. പ്രധാന സെന്‍ട്രല്‍ ബാങ്കുകള്‍ തങ്ങളുടെ സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കാന്‍ നീക്കങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍, വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ ആസ്തികളില്‍ വൈവിധ്യവല്‍ക്കരണം ആവശ്യമായി വന്നതിനാലാണ് ബാങ്ക് ഓഫ് കൊറിയ വീണ്ടും സ്വര്‍ണം വാങ്ങാന്‍ തീരുമാനിച്ചത്.

ഏപ്രിലിലെ കണക്കനുസരിച്ച്, ബാങ്ക് കൊറിയയുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് 104.4 ടണ്‍ ആണ്. ഇത് അവരുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ 3.5 ശതമാനം വരും. രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പട്ടികയില്‍ ഏകദേശം 40-ാം സ്ഥാനത്താണ് കൊറിയ വരുന്നത്. 8,133.5 ടണ്‍ കൈവശമുള്ള അമേരിക്ക, 3,349.5 ടണ്‍ ഉള്ള ജര്‍മ്മനി, 2,331.5 ടണ്‍ ഉള്ള ചൈന തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു വലിയ അന്തരമാണ്.

ഡോളറിന്റെ മൂല്യത്തകര്‍ച്ച മൂലമുണ്ടാകുന്ന അപകടസാധ്യതകളെ നേരിടാന്‍ കൊറിയ തങ്ങളുടെ സ്വര്‍ണശേഖരം വര്‍ധിപ്പിക്കണമെന്ന അഭിപ്രായങ്ങളും നിരന്തരം ഉയര്‍ന്നു വരുന്നുണ്ട്. ഈ തീരുമാനത്തിന് സര്‍ക്കാരിന്റെ നികുതി ഇളവുകളും പിന്തുണ നല്‍കി. കൊറിയ എക്സ്ചേഞ്ചിന്റെ ഫിസിക്കല്‍ ഗോള്‍ഡ് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണ്ണക്കട്ടികള്‍ കൊറിയ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയില്‍ നിന്ന് പിന്‍വലിക്കുമ്പോള്‍ അവയ്ക്ക് വാറ്റില്‍ നിന്ന് ഇളവ് നല്‍കുന്ന വ്യവസ്ഥ, നികുതി നിയമ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

2027 ജനുവരി 1-നോ അതിനുശേഷമോ നടത്തുന്ന പിന്‍വലിക്കലുകള്‍ക്ക് ഈ ഭേദഗതി ബാധകമാകും. കേന്ദ്ര ബാങ്കിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം വിപുലീകരിക്കുന്നതിനുള്ള പിന്തുണയായിട്ടാണ് ഈ ഭേദഗതിക്ക് കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. അതേസമയം സ്വര്‍ണ വിലയില്‍ സമീപകാലത്തുണ്ടായ കുറവ് കണക്കിലെടുത്തും ഭാവിയിലെ വിലക്കയറ്റം പ്രതീക്ഷിത്തും അല്ല സ്വര്‍ണം വാങ്ങാന്‍ തീരുമാനിച്ചത് എന്ന് ബാങ്ക് റിസര്‍വ് മാനേജ്മെന്റ് ഗ്രൂപ്പ് മേധാവി ജംഗ് ഹീ-സബ് പറഞ്ഞു.

വാങ്ങലിന് വിധേയമാകുന്ന ആഭ്യന്തര സ്വര്‍ണത്തിന്റെ അളവ് പ്രതിവര്‍ഷം ഏകദേശം 4-5 ടണ്‍ ആണ്. പ്രതിവര്‍ഷം 40-45 ടണ്‍ സ്വര്‍ണം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, അതില്‍ ഭൂരിഭാഗവും ചെമ്പ്, സിങ്ക്, മറ്റ് ലോഹങ്ങള്‍ എന്നിവ ഉരുക്കി വേര്‍തിരിക്കുന്ന പ്രക്രിയയില്‍ ഉപ-ഉല്‍പ്പന്നമായാണ് ലഭിക്കുന്നത്. എല്‍എസ് എംഎന്‍എം, കൊറിയ സിങ്ക് എന്നിവയാണ് പ്രധാന ഉല്‍പ്പാദകര്‍.

ആഭ്യന്തര സ്വര്‍ണ വിപണിയില്‍ അധിക ആവശ്യം സൃഷ്ടിക്കാതിരിക്കാന്‍, വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്വര്‍ണം മാത്രം വാങ്ങാനാണ് ബാങ്ക് തീരുമാനിച്ചത്. ഈ വര്‍ഷത്തെ രണ്ടാം പാദം മുതല്‍ ഗോള്‍ഡ് ഇടിഎഫുകള്‍ വാങ്ങിക്കൊണ്ട് സ്വര്‍ണ നിക്ഷേപത്തിനായുള്ള തയ്യാറെടുപ്പുകള്‍ ബിഒകെ സജീവമാക്കിയിരുന്നു. ഇടിഎഫുകള്‍ വിദേശ കറന്‍സി സെക്യൂരിറ്റികളായാണ് തരംതിരിച്ചിരിക്കുന്നത്.

അതിനാല്‍ അവ ബാങ്കിന്റെ നേരിട്ടുള്ള സ്വര്‍ണ ശേഖരത്തില്‍ ഉള്‍പ്പെടുന്നില്ല; എന്നാല്‍ ഭാവിയില്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന സ്വര്‍ണം വാങ്ങുന്നത് ബാങ്കിന്റെ കൈവശമുള്ള ഭൗതിക സ്വര്‍ണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *