Headlines

സൗദി അറേബ്യ ഇറങ്ങിക്കളിച്ചു; തുര്‍ക്കി വഴി ഇറാനെയും ഒതുക്കി, ഒടുവില്‍ നിറഞ്ഞത് 3 രാജ്യങ്ങള്‍ | Saudi Arabia Made Bold Move; Sidelined Iran Via Turkey, Three Nations Brought Into The Fold, Details


Gulf

oi-Ashif N

റിയാദ്: ഇറാനെ ചാരമാക്കാന്‍ പോകുന്നു എന്ന് ഭീഷണി മുഴക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് വാക്കുകള്‍ വിഴുങ്ങുന്നതാണ് കണ്ടത്. ആക്രമണ പദ്ധതി റദ്ദാക്കി എന്നാണ് ഒടുവില്‍ അദ്ദേഹം പറഞ്ഞത്. എന്താണ് പൊടുന്നനെയുള്ള പിന്മാറ്റത്തിന് കാരണം എന്ന ചോദ്യം ആഗോള തലത്തില്‍ ശക്തമാണ്. മൂന്ന് രാജ്യങ്ങളുടെ ഇടപെടലാണ് കാരണമത്രെ.

പാകിസ്താന്‍ ഏറെ നാളായി ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ റോളിലുണ്ട്. ചില ഘട്ടങ്ങളില്‍ കാര്യങ്ങള്‍ പാകിസ്താന്റെ നിയന്ത്രണത്തിനും അപ്പുറമായി. ഈ വേളയില്‍ സൗദി അറേബ്യയുടെ ഇടപെടലാണ് എല്ലാം ശാന്തമാകാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎസ് പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചതോടെയാണ് മുറുക്കം അയഞ്ഞത്.

saudi iran turkey talks over tension

സൗദി അറേബ്യയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്നുണ്ട് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മില്‍ അടുത്തിടെ ആണവ കരാര്‍ ഒപ്പുവച്ചതും ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ യുദ്ധം ശക്തമായാല്‍ വലിയ പ്രതിസന്ധി ഗള്‍ഫ് മേഖല നേരിടുമെന്ന് ബിന്‍ സല്‍മാന്‍ അമേരിക്കയെ അറിയിച്ചു. സമാധാന പാതയാണ് ഇപ്പോള്‍ ആവശ്യമെന്നും അദ്ദേഹം ട്രംപിനെ ബോധിപ്പിച്ചു.

ഇറാനെതിരെ ശക്തമായ ആക്രമണം തുടങ്ങാന്‍ പോകുന്നു എന്ന് വെള്ളിയാഴ്ച ട്രംപ് പറഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ എംബസികള്‍ വഴി പൗരന്മാരോട് പ്രദേശം വിടാന്‍ ആവശ്യപ്പെട്ടത് ശനിയാഴ്ചയാണ്. എന്നാല്‍ ഞായറാഴ്ച ട്രംപ് പറഞ്ഞത് ആക്രമണം നടത്തുന്നില്ല എന്നാണ്. എന്താണ് ഈ മാറ്റത്തിന് കാരണം എന്ന ചോദ്യത്തിന് ഉത്തരമായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തെളിയുന്നത് സൗദിയുടെ ഇടപെടലാണ്.

ഹോര്‍മുസിലും ബാബുല്‍ മന്തിബിലും യാത്ര തടസപ്പെട്ടത് സൗദിയുടെ വ്യാപാരത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അമേരിക്ക ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പറഞ്ഞ പിന്നാലെ തിരിച്ചടിക്കാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളുടെ പട്ടിക ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ജിസിസിയിലെ തന്ത്ര പ്രധാന എണ്ണ-വാതക കേന്ദ്രങ്ങളെല്ലാം ഇതില്‍പ്പെടുന്നുണ്ട്. തൊട്ടുപിന്നാലെയാണ് അതിവേഗമുള്ള നീക്കങ്ങള്‍ നടന്നതും രംഗം ശാന്തമായതും.

തുര്‍ക്കിയുമായി അടുത്ത ബന്ധമാണ് ഇറാന്. തുര്‍ക്കിയുടെ ഇടപെടലാണ് ഇറാനെയും അല്‍പ്പം മയപ്പെടാന്‍ പ്രേരിപ്പിച്ചത്. ട്രംപ് പിന്നോട്ട് വലിഞ്ഞ പിന്നാലെ ഇറാനിലെ നേതൃത്വവുമായി മൂന്ന് രാജ്യങ്ങള്‍ ചര്‍ച്ച നടത്തി. സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങളായിരുന്നു ചര്‍ച്ച നടത്തിയത്.

പാകിസ്താന്റെ സേനാ മേധാവി അസിം മുനീര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയുമായി ചര്‍ച്ച നടത്തി. സൗദിയുടെയും തുര്‍ക്കിയുടെയും വിദേശകാര്യ മന്ത്രിമാരും ഇറാന്റെ വിദേശകാര്യ മന്ത്രിയെ ഫോണില്‍ വിളിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് ഇറാന്‍ അനുകൂലമാണെന്നും എന്നാല്‍ അമേരിക്കയും ഇസ്രായേലും കുഴപ്പങ്ങള്‍ക്ക് ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അവരെ പിന്തുണയ്ക്കുന്നവരെയും ആക്രമിക്കുമെന്നും ഇറാന്‍ അറിയിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *