Headlines

‘സിജെപിക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയം’, രാജി വെയ്ക്കണമെന്ന് ദീപ്കെ| “If the CJP is receiving foreign funding, Amit Shah has failed as Home Minister ,” Abhijeet Dipke; demands his resignation.


India

oi-Sajitha Gopie

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെയുളള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിനിടെ തനിക്ക് ബിജെപിയില്‍ ചേരാന്‍ ഭീഷണി വന്നുവെന്ന് അഭിജീത് ദീപ്‌കെ. ഒന്നുകില്‍ ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുക എന്നാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും സിജെപി സ്ഥാപകന്‍ വെളിപ്പെടുത്തി.

താന്‍ നിരസിച്ചപ്പോള്‍ തന്റെ മാതാപിതാക്കള്‍ക്ക് നേരെയും ഭീഷണികളുണ്ടായി എന്നും അഭിജീത് പറയുന്നു. അവര്‍ എത്ര തന്നെ ഓഫറുകള്‍ മുന്നോട്ട് വെച്ചാലും ഒരിക്കലും താന്‍ ബിജെപിയില്‍ ചേരില്ലെന്നും അഭിജീത് ദീപ്‌കെ വ്യക്തമാക്കി.

സിജെപിക്ക് വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട് എന്നുളള ആരോപണങ്ങള്‍ അഭിജീത് തള്ളി. അങ്ങനെയെങ്കില്‍ അമിത് ഷാ രാജി വെയ്ക്കണമെന്നും അഭിജീത് ആവശ്യപ്പെട്ടു. ”അമിത് ഷാ അധികാരത്തിലിരിക്കുമ്പോള്‍ സിജെപിക്ക് വിദേശത്ത് നിന്ന് ഫണ്ട് ലഭിക്കുകയോ വിദേശത്ത് നിന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന് അര്‍ത്ഥം ആഭ്യന്തര മന്ത്രി എന്ന നിലയില്‍ അമിത് ഷാ പരാജയമാണ് എന്നാണ്. അപ്പോള്‍ അദ്ദേഹം രാജി വെക്കണം”, അഭിജീത് പരിഹസിച്ചു.

CJP

”അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും പേരക്കുട്ടികളുടെ പ്രായം മാത്രമേ തനിക്കുളളൂ. ഒരു മുപ്പതുകാരന് നേര്‍ക്ക് അവര്‍ എത്ര ഭീഷണികളുന്നയിക്കും”, അഭിജീത് ചോദിച്ചു. അതേസമയം മുതിര്‍ന്ന ബിജെപി നേതാവും റവന്യൂ വകുപ്പ് മന്ത്രിയുമായ ചന്ദ്രശേഖര്‍ ഭവന്‍കുലേ സിജെപി നേതാവിന്റെ ആരോപണം തള്ളി രംഗത്ത് വന്നു.

ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് ആരെന്ന് അഭിജീത് പറഞ്ഞാല്‍ അയാള്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കാമെന്ന് ഭവന്‍കുലെ വ്യക്തമാക്കി. ”ഞങ്ങള്‍ക്ക് ഈ രാജ്യത്ത് 13 കോടിക്ക് അടുത്ത് അംഗങ്ങളുണ്ട്. ആരാണ് ഭീഷണിപ്പെടുത്തിയത് എന്ന് അഭിജീത് ദീപ്‌കെ പറയണം. അയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അതാരാണെന്ന് പറയാന്‍ തയ്യാറല്ലെങ്കില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതില്‍ നിന്ന് അഭിജീത് വിട്ട് നില്‍ക്കണം”, ചന്ദ്രശേഖര്‍ ഭവന്‍കുലേ പറഞ്ഞു.

ജൂലൈ 20തിന് ജന്തര്‍ മന്തറില്‍ സമരക്കാര്‍ക്ക് നേരെ നടന്ന പോലീസ് നടപടി അമിത് ഷായുടെ അനുമതി ഇല്ലാതെ നടക്കില്ലെന്നും അഭിജീത് ദീപ്‌കെ ആരോപിച്ചു. മാത്രമല്ല ജെന്‍സിക്ക് എതിരെയുളള ബാബാ രാംദേവിന്റെ വിമര്‍ശനത്തിന് അഭിജീത് മറുപടി നല്‍കി. ”അവര്‍ രാജ്യത്തിന്റെ ഭാവിയിലെ വോട്ടര്‍മാരും ഭാവി നേതാക്കളുമാണ്. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ ജെന്‍സിയെ പരിഹസിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ബാബാ രാംദേവ് അദ്ദേഹത്തിന്റെ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്”.



Source link

Leave a Reply

Your email address will not be published. Required fields are marked *