Headlines

വീണ്ടും ട്രംപിന്റെ വക പണി; യുഎസിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ജോലി നേടാൻ 1 കോടി രൂപ അടയ്ക്കണം! | Another Blow From Trump; Foreign Students In The US Must Pay Rs 1 Crore To Secure A Job


International

oi-Nidhin Illikkambath

വാഷിംഗ്‌ടൺ: യുഎസിലെ സർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം അവിടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നൽകുന്ന പ്രത്യേക തൊഴിൽ അനുമതിക്ക് 1 ലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 1 കോടി) ഫീസ് ഈടാക്കുന്നത് ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ദി വാൾ സ്ട്രീറ്റ് ജേർണലാണ് ഇന്ത്യക്കാരെ അടക്കം ബാധിക്കുന്ന ഈ തീരുമാനത്തെ കുറിച്ച് റിപ്പോർട്ട് ചെയ്‌തത്.

അമേരിക്കൻ കോടതി എച്ച്-1ബി തൊഴിൽ വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശം തള്ളിയതിന് പിന്നാലെയാണ് പുതിയ നീക്കം. റിപ്പോർട്ട് പ്രകാരം, അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് ഇപ്പോൾ ഓപ്ഷണൽ പ്രാക്റ്റിക്കൽ ട്രെയിനിങ് അനുമതിക്ക് ഈ ഉയർന്ന ഫീസ് ഏർപ്പെടുത്തുന്നത് പരിശോധിക്കുകയാണ്. വിദ്യാർഥി വിസയായ എഫ്-1 വിസയുടെ കാലാവധി നീട്ടിക്കൊടുക്കുന്ന സംവിധാനമാണ് ഇത്.

trump

ഒപിടി പദ്ധതിയിലൂടെ വിദേശ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം ഒരു വർഷം മുതൽ മൂന്ന് വർഷം വരെ, തങ്ങൾ പഠിച്ച വിഷയവുമായി ബന്ധപ്പെട്ട മേഖലയിൽ അമേരിക്കയിൽ ജോലി ചെയ്യാൻ അവസരമുണ്ട്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024-ൽ ഏകദേശം 4.19 ലക്ഷം വിദേശ ബിരുദധാരികൾ ഈ പദ്ധതിയുടെ ഭാഗമായി അമേരിക്കയിൽ ജോലി ചെയ്‌തിരുന്നു.

അമേരിക്കൻ സർവകലാശാലകളിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികളെ നിയമിക്കുന്ന സാങ്കേതിക കമ്പനികൾ നേരത്തെ എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശത്തെ എതിർത്തിരുന്നു. അന്താരാഷ്ട്ര വിദ്യാർഥികൾ അമേരിക്കയിൽ പഠിക്കാൻ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഒപിടി പദ്ധതി. പഠനം കഴിഞ്ഞ് ജോലി ചെയ്‌ത് തൊഴിൽ പരിചയം നേടാൻ ഇത് അവസരം നൽകുന്നു.

ഒപിടി സംവിധാനം ഇല്ലെങ്കിൽ, ഭൂരിഭാഗം അന്താരാഷ്ട്ര വിദ്യാർഥികൾക്കും ബിരുദം നേടിയ ഉടൻ അമേരിക്ക വിടേണ്ടിവരും. അതോടെ അമേരിക്കൻ സർവകലാശാലകളിൽ നിന്ന് നേടിയ അറിവും തൊഴിൽ നൈപുണ്യവും മറ്റ് രാജ്യങ്ങളിലേക്കാകും പോകുകയെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ ട്രംപിന്റെ പുതിയ നീക്കത്തിന് പല കോണുകളിൽ നിന്നും എതിർപ്പ് ഉയരുമെന്ന് ഉറപ്പാണ്.

ഇന്ത്യൻ സമൂഹത്തിൽ നിന്ന് തന്നെയാവും ഇക്കാര്യത്തിൽ കൂടുതൽ എതിർപ്പുകൾ ഉയരുക. നിലവിലെ സാഹചര്യത്തിൽ അമേരിക്കയിലെ മൂന്നര ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിച്ചേക്കാവുന്ന ഒരു നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. നേരത്തെയും ട്രംപ് ഭരണകൂടം സമാനമായ ചില കർശന നിർദ്ദേശങ്ങളുമായി രംഗത്ത് വന്നിരുന്നു.

ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചാൽ, നിയമാനുസൃത കുടിയേറ്റം കൂടുതൽ കർശനമാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നയത്തിന്റെ മറ്റൊരു പ്രധാന ചുവടുവെപ്പായിരിക്കും ഇത്. എന്നാൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ ട്യൂഷൻ ഫീസിനെ വലിയ തോതിൽ ആശ്രയിക്കുന്ന അമേരിക്കൻ സർവകലാശാലകൾക്കും അമേരിക്കയിൽ പഠിച്ച ബിരുദധാരികളെ നിയമിക്കുന്ന സാങ്കേതിക, ധനകാര്യ സ്ഥാപനങ്ങൾക്കും ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.



Source link

Leave a Reply

Your email address will not be published. Required fields are marked *