Headlines

വന്ദേമാതരം ബില്‍ ലോക്സഭയും പാസാക്കി; ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കാന്‍ ശ്രമം എന്ന് ഉവൈസി | Lok Sabha passes Vande Mataram Bill; Owaisi alleges move to turn India into a Hindu nation


India

oi-Ashif N

ന്യൂഡല്‍ഹി: വന്ദേമാതരത്തെ ആക്ഷേപിക്കുന്നതും ആലപിക്കുന്നത് തടയുന്നതും ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭ പാസാക്കി. കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാകും. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ (ഭേദഗതി) ബില്‍ ആണ് ഇന്ന് ലോക്‌സഭ പാസാക്കിയത്.

വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് നേരെ നടന്ന പൊലിസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിനിടെ ചര്‍ച്ചകളില്ലാതെ ശബ്ദവോട്ടോടെയാണ് വന്ദേമാതരം ബില്‍ പാസ്സാക്കിയത്. നാടകീയവും പ്രാകൃതവുമായ രീതിയിലാണ് കേന്ദ്രം അഞ്ചു മിനുട്ട് പോലും തികയാതെ അവതരിപ്പിച്ചു പാസാക്കിയതെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

vande mataram bill passed owaisi reply

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി കുറ്റപ്പെടുത്തി. ബൈജു ഇമ്മാനുവല്‍ കേസ് അദ്ദേഹം സൂചിപ്പിച്ചു. പാട്ട് പാടുന്നത് പരിശോധിച്ച് രാജ്യസ്‌നേഹം അളക്കാന്‍ സാധിക്കില്ലെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 25 ഉദ്ധരിച്ച് ഉവൈസി പറഞ്ഞു. ഏതെങ്കിലും ദൈവത്തെ ആരാധിക്കാന്‍ നിര്‍ബന്ധിക്കുന്നത് ശരിയാണോ എന്നും ഉവൈസി ചോദിച്ചു.

ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഈ ബില്‍ ഇന്ത്യയുടെ അഭിമാനത്തിനുവേണ്ടിയാണെന്നും ഒരു പ്രത്യയശാസ്ത്രത്തിനും എതിരല്ലെന്നും റായ് പറഞ്ഞു. ദേശീയഗാനം ആലപിക്കുമ്പോള്‍ അതോടൊപ്പം ദേശീയ ഗീതവും ആലപിക്കണമെന്ന് മാത്രമേ തങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂവെന്നും നിത്യാനന്ദ് റായ് പറഞ്ഞു.

ബില്ലിനെതിരെ ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ചു. സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകാനാണ് ബില്‍ കൊണ്ടുവന്നതെന്ന് ഡിഎംകെ അംഗം കനിമൊഴി ആരോപിച്ചു. ഇത് ദേശീയതയുടെ മറവില്‍ കൊണ്ടുവരുന്ന ഹിന്ദുത്വ അജണ്ടയാണ്. ഒരു നിയമം കൊണ്ടുവന്ന് നിങ്ങള്‍ക്ക് ദേശീയത അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഈ ഗീതം ഈ രാജ്യത്തിന്റെ മതേതരത്വത്തിന് എതിരാണെന്നും കനിമൊഴി പറഞ്ഞു.

ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉറപ്പാക്കാനും എതിര്‍ക്കുന്നത് ക്രിമിനല്‍ക്കുറ്റമാക്കാനുമുള്ളതാണ് ബില്‍. വന്ദേമാതരത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുക, അവമതിക്കുക, പാടുന്നത് തടയുക എന്നത് ക്രിമിനല്‍ക്കുറ്റമാണ്. നിലവില്‍ ദേശീയ ഗാനമായ ജന ഗണ മനയ്ക്കാണ് ഈ സംരക്ഷണമുള്ളത്. കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം തടവോ പിഴയോ ലഭിക്കാം.

യഥാര്‍ത്ഥത്തില്‍ ഇത് ദേശീയ ഗാനത്തിന്റെ യശസിനും പവിത്രതയ്ക്കും മങ്ങലേല്‍പ്പിക്കുകയാണ് എന്ന് ഇടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. അനാവശ്യമായ വിവാദങ്ങള്‍ കൊണ്ടുവന്ന് അതിലൂടെ മുതലെടുപ്പ് നടത്താനുള്ള ദുഷ്ടലാക്കാണ് ബിജെപിയുടേത്. അനുനയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വാതിലുകള്‍ അടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. എന്നും ഇടി വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *