Headlines

എഡിജിപി അജിത് കുമാറിന് തിരിച്ചടി; സസ്‌പെന്‍ഷന് സ്റ്റേ ഇല്ല, ഡിജിപി റാങ്ക് തുലാസില്‍ | Setback For ADGP Ajith Kumar; No Stay On Suspension, DGP Rank Hangs In The Balance


Kerala

oi-Ashif N

ആലപ്പുഴയിലെ വിവാദ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എഡിജിപി എംആര്‍. അജിത് കുമാറിന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ (സിഎടി) തിരിച്ചടി. തന്റെ സസ്പെന്‍ഷന്‍ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളി.

എന്നാല്‍, സസ്പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ച ട്രൈബ്യൂണല്‍ കേസ് അടുത്ത മാസം 20ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. പ്രത്യേക സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇറക്കിയ സസ്പെന്‍ഷന്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് അജിത് കുമാര്‍ ട്രൈബ്യൂണലില്‍ വാദിച്ചത്.

adgp mr ajith kumar-

സംസ്ഥാന ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പിന്റെ തലവനായ മുഖ്യമന്ത്രിയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും, എന്നാല്‍ ഗവര്‍ണറുടെ പേരില്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങള്‍ ലംഘിച്ചാണ് സസ്പെന്‍ഷന്‍ നടപ്പാക്കിയതെന്നും നടപടി സ്റ്റേ ചെയ്യണമെന്നും രണ്ടര മണിക്കൂര്‍ നീണ്ട വാദത്തിനിടെ അജിത്കുമാര്‍ ബോധിപ്പിച്ചു.

തനിക്ക് ഡിജിപി സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്പെന്‍ഷന്‍ നടപടിയെന്നും ആരോപണവിധേയമായ കുറ്റങ്ങളൊന്നും താന്‍ ചെയ്തിട്ടില്ലെന്നും അജിത് കുമാര്‍ വാദിച്ചു. തനിക്കെതിരായ എസ്ഐടി അന്വേഷണം ഒരു എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നയിച്ചതെന്നും, എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരായ അന്വേഷണം ഇത്തരത്തില്‍ നടത്തുന്നത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു.

അതേസമയം, അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ മതിയായ തെളിവുകളുണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ സ്വീകരിച്ചത്. കേസില്‍ അന്യായമായി ഇടപെട്ട് അന്വേഷണം അട്ടിമറിച്ചതിന് തെളിവുകളുണ്ടെന്നും, അതുവഴി ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എന്തിനാണ് കേസില്‍ നേരിട്ട് ഇടപെട്ടതെന്ന് ട്രൈബ്യൂണല്‍ ചോദിച്ചു. ക്രമസമാധാന ചുമതലയുള്ളതു കൊണ്ടാണിത് എന്നായിരുന്നു അജിത്കുമാറിന്റെ മറുപടി. ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട് അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുതിയ ഡിജിപിയുമായി ബന്ധപ്പെട്ട തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലുണ്ടായേക്കാം. സസ്‌പെന്‍ഷനില്‍ കഴിയുന്നതിനാല്‍ അജിത്കുമാറിനെ പരിഗണിക്കില്ല. ഇതോടെ അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയാകാനുള്ള സാധ്യത മങ്ങി.



Source link

Leave a Reply

Your email address will not be published. Required fields are marked *