Headlines

സൗദി അറേബ്യയ്ക്ക് ചെക്ക് വിളിച്ച് അമേരിക്ക; രണ്ടാം അറബ് രാജ്യം, ഇസ്രായേലിന് കൈ കൊടുക്കുമോ | Saudi Arabia US Nuclear Deal: What Is Donald Trump Put Forward Condition And Change In Middle East


Gulf

oi-Ashif N

അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ ആണവ കരാറിന് ധാരണയായിരിക്കുകയാണ്. യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവച്ചു. അടുത്ത 30 വര്‍ഷത്തേക്ക് സൗദി അറേബ്യയ്ക്ക് ആണവോര്‍ജം നിര്‍മിക്കാന്‍ വേണ്ട സഹായം ചെയ്യുമെന്നാണ് കരാര്‍. അമേരിക്കക്ക് കോടികളുടെ ലാഭമുണ്ടാക്കുന്ന കരാറാണിത്.

ക്രൂഡ് ഓയില്‍ വരുമാനത്തെ ആശ്രയിച്ചാണ് സൗദിയുടെ സാമ്പത്തിക രംഗം മുന്നോട്ട് പോകുന്നത്. മറ്റു വഴികള്‍ കൂടി സൗദി തേടുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് അമേരിക്കയുമായുള്ള ആണവ കരാര്‍. അമേരിക്ക ആണവ കരാര്‍ ഒപ്പുവയ്ക്കുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് സൗദി. നേരത്തെ യുഎഇയുമായി കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ സൗദിയുടെ മുന്നില്‍ കര്‍ശന ഉപാധിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വച്ചിരിക്കുന്നത്.

saudi arabia us nuclear deal

ഇസ്രായേലുമായി ഐക്യപ്പെടുന്ന അബ്രഹാം കരാറില്‍ സൗദി അറേബ്യ ഒപ്പുവയ്ക്കുമോ എന്നതിനെ അനുസരിച്ചാകും ആണവ കരാര്‍ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സിവില്‍ ആണവ സൗകര്യങ്ങള്‍ക്ക് അമേരിക്ക എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും ആണവ സഹകരണ കരാറില്‍ എത്തിയത് അമേരിക്കയില്‍ വലിയ വിവാദമായിട്ടുണ്ട്. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചാലാണ് കരാര്‍ ഔദ്യോഗികമായി നിലവില്‍ വരിക.

അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവച്ച ആണവ കരാറിന്റെ പേര് 123 കരാര്‍ എന്നാണ്. സൗദിയില്‍ ആണവ റിയാക്ടറുകള്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ സാങ്കേതിക വിദ്യ നല്‍കുമെന്നതാണ് പ്രധാന വ്യവസ്ഥ. ട്രംപ് മുമ്പ് യുഎസ് പ്രസിഡന്റായിരുന്ന വേളയിലാണ് കരാറിന്റെ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയത്. ജോ ബൈഡന്‍ പ്രസിഡന്റായപ്പോഴും ചര്‍ച്ച തുടര്‍ന്നെങ്കിലും ആണവ വ്യാപന ആശങ്കയില്‍ എല്ലാം നിലച്ചു. ട്രംപ് വീണ്ടും പ്രസിഡന്റായപ്പോഴാണ് ചര്‍ച്ച പുനരാരംഭിച്ചതും കരാര്‍ ഒപ്പുവച്ചിരിക്കുന്നതും.

പുതിയ കരാര്‍ പ്രകാരം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രോട്ടോകോള്‍ സൗദി അറേബ്യയ്ക്ക് പാലിക്കേണ്ടതില്ല എന്നതാണ് എടുത്തു പറയേണ്ടത്. ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ക്ക് റിയാക്ടറുകളില്‍ പരിശോധനയ്ക്ക് അനുമതി നല്‍കാന്‍ സൗദിക്ക് ബാധ്യതയില്ലെന്ന് ചുരുക്കം. അമേരിക്കയുടെ ആണവ എനര്‍ജി ആക്ട് പ്രകാരമാണ് കരാര്‍ ഒപ്പുവച്ചത് എന്ന് ട്രംപ് ഭരണകൂടം പറയുന്നു. അന്താരാഷ്ട്ര ഏജന്‍സിയെ നോക്കുകുത്തിയാക്കിയാണ് കരാര്‍ എന്നും വിമര്‍ശനമുണ്ട്.

അതേസമയം, അബ്രഹാം കരാറില്‍ സൗദി ഒപ്പുവയ്ക്കുമോ എന്ന് വ്യക്തമല്ല. യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍ എന്നീ അറബ് രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവച്ചിട്ടുള്ളത്. സൗദിയുടെ മേല്‍ ഏറെ കാലമായി അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നു എങ്കിലും പലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാല്‍ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കൂ എന്നാണ് സൗദിയുടെ നിലപാട്. ഇതില്‍ സൗദി മാറ്റം വരുത്തുമോ എന്നാണ് ഇനി അറിയേണ്ടത്, സൗദി കൂടി അബ്രഹാം കരാറിന്റെ ഭാഗമായാല്‍ പശ്ചിമേഷ്യയില്‍ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ട്രംപ്.



Source link

Leave a Reply

Your email address will not be published. Required fields are marked *