Partner Content
oi-Nidhin Illikkambath
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി അടുത്ത തലമുറയിലെ എയർബോൺ എർളി വാർണിങ് ആൻഡ് കൺട്രോൾ സംവിധാനം വികസിപ്പിക്കുന്നതിന് അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒയുമായി സഹകരിക്കുന്നു. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ തദ്ദേശീയ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക നീക്കമായാണ് ഈ പങ്കാളിത്തത്തെ വിലയിരുത്തുന്നത്.
കരാർ പ്രകാരം, പരിഷ്കരിച്ച ആറ് എയർബസ് എ321 വിമാനങ്ങളിൽ അത്യാധുനിക എയർബോൺ മിഷൻ സംവിധാനങ്ങൾ സംയുക്തമായി വികസിപ്പിക്കുകയും നിർമ്മിക്കുകയും സംയോജിപ്പിക്കുകയും ചെയ്യും. ഇതിനുപുറമെ, സമഗ്രമായ ലോജിസ്റ്റിക്സ് പിന്തുണ, പരിപാലനം, അറ്റകുറ്റപ്പണി, സാങ്കേതിക സഹായം എന്നിവയും 30 വർഷം വരെ ലഭ്യമാക്കും. പുതിയ AEW&C-MKII പ്ലാറ്റ്ഫോം 2032-33 കാലയളവിൽ ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

പ്രതിരോധ ഗവേഷണത്തിലും മിഷൻ സംവിധാനങ്ങളിലുമുള്ള ഡിആർഡിഒയുടെ വൈദഗ്ധ്യവും, അത്യാധുനിക നിർമ്മാണം, സിസ്റ്റംസ് ഇന്റഗ്രേഷൻ, ലൈഫ്സൈക്കിൾ സപ്പോർട്ട് എന്നിവയിലെ അദാനി ഡിഫൻസിന്റെ കഴിവും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിക്കുന്ന ഏറ്റവും ആധുനിക വ്യോമനിരീക്ഷണ സംവിധാനങ്ങളിലൊന്നായി ഈ സംവിധാനം മാറുമെന്നാണ് പ്രതീക്ഷ.
ആധുനിക വ്യോമയുദ്ധത്തിൽ ഏറ്റവും നിർണായകമായ സൈനിക ആസ്തികളിലൊന്നാണ് എയർബോൺ എർളി വാർണിങ് ആൻഡ് കൺട്രോൾ വിമാനങ്ങൾ. ദീർഘദൂര നിരീക്ഷണവും ഭീഷണികളെ മുൻകൂട്ടി തിരിച്ചറിയാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. അതുവഴി തത്സമയ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനത്തിലൂടെ വ്യോമഭീഷണികൾക്ക് വേഗത്തിൽ പ്രതികരിക്കാനും വിവിധ സൈനിക ദൗത്യങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാനും സാധിക്കും.
പുതിയ പ്ലാറ്റ്ഫോം ഇന്ത്യൻ വ്യോമസേനയുടെ സാഹചര്യബോധം, സേനകളുടെ ഏകോപനം, നെറ്റ്വർക്ക് കേന്ദ്രീകൃത യുദ്ധശേഷി എന്നിവ ഗണ്യമായി വർധിപ്പിക്കുമെന്ന് അദാനി ഡിഫൻസ് അറിയിച്ചു. ഇത്രയും വലിയതും സങ്കീർണവുമായ എയർബോൺ മിഷൻ പ്ലാറ്റ്ഫോമിന്റെ വികസനം, സംയോജനം, ദീർഘകാല പരിപാലനം എന്നിവയുടെ ചുമതല ലഭിക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യൻ കമ്പനി എന്ന നേട്ടവും അദാനി ഡിഫൻസ് സ്വന്തമാക്കും.
സേവനത്തിലായ ശേഷം AEW&C-MKII സംവിധാനം ഇന്ത്യൻ വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റവുമായി ബന്ധിപ്പിക്കും. രാജ്യത്തുടനീളമുള്ള നിരീക്ഷണ സംവിധാനങ്ങൾ, വ്യോമപ്രതിരോധ ശൃംഖല, പ്രവർത്തന യൂണിറ്റുകൾ എന്നിവയെ തത്സമയം ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. ഇതിലൂടെ തീരുമാനമെടുക്കൽ വേഗത്തിലാകുകയും യുദ്ധഭൂമിയിലെ ഏകോപനം മെച്ചപ്പെടുകയും രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുകയും ചെയ്യും.
ഈ പദ്ധതി യാഥാർഥ്യമായാൽ തദ്ദേശീയമായി വികസിപ്പിച്ച എയർബോൺ എർളി വാർണിങ് ആൻഡ് കൺട്രോൾ സംവിധാനം സ്വന്തമാക്കിയ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും എത്തും. നിലവിൽ അമേരിക്ക, ഫ്രാൻസ്, ഇസ്രായേൽ, ചൈന, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഇത്തരത്തിലുള്ള അത്യാധുനിക വ്യോമനിരീക്ഷണ സംവിധാനങ്ങൾ സ്വന്തമായി വികസിപ്പിച്ചിട്ടുള്ളത്.