Last Updated:
മത്സരരംഗത്ത് മറ്റ് ഭാഷകളേക്കാൾ കൂടുതൽ മുന്നിൽ വന്നത് മലയാള സിനിമകളാണെന്നും ജയരാജ്
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണ ഏറ്റവും കൂടുതൽ അഭിമാനിക്കാവുന്നത് മലയാളത്തിനാണെന്ന് ജൂറി ചെയർമാനും സംവിധായകനുമായ ജയരാജ് വ്യക്തമാക്കി. മത്സരരംഗത്ത് മറ്റ് ഭാഷകളേക്കാൾ കൂടുതൽ മുന്നിൽ വന്നത് മലയാള സിനിമകളാണെന്നും മമ്മൂട്ടിയുടെ പ്രകടനം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം ഇപ്പോഴും നിത്യയൗവനമാണെന്നും ദേശീയ പുരസ്കാര പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മികച്ച നടനുള്ള പുരസ്കാരം ഇത്തവണ പങ്കിടേണ്ടി വന്നുവെങ്കിലും മമ്മൂട്ടിയുടെ പ്രകടനം അതിൽ ഏറ്റവും മുന്നിലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂറി അംഗങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ‘ഭ്രമയുഗം’ എന്നും, അതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയും സിനിമയുടെ അന്തരീക്ഷവും ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവാഗതനായ ഫാസിൽ മുഹമ്മദ് ഒരുക്കിയ ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നണി ഗായികയായി വൈക്കം വിജയലക്ഷ്മിക്ക് ലഭിച്ച അംഗീകാരം മലയാളത്തിന് വലിയ നേട്ടമാണെന്നും, ശ്രേയ ഘോഷലുമായിട്ടായിരുന്നു അവർക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നതെന്നും ജയരാജ് വെളിപ്പെടുത്തി. ‘മഞ്ഞുമ്മൽ ബോയ്സ്’ അവസാന ഘട്ടം വരെ വിവിധ വിഭാഗങ്ങളിൽ മത്സരരംഗത്തുണ്ടായിരുന്നു. സിനിമയെ സിനിമയായി മാത്രമാണ് ജൂറി കണ്ടതെന്നും പുരസ്കാര നിർണ്ണയത്തിൽ യാതൊരുവിധ രാഷ്ട്രീയവും കലർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
New Delhi,New Delhi,Delhi
72nd National Film Awards | ‘മമ്മൂട്ടി ഇപ്പോഴും നിത്യയൗവനം; മലയാളത്തിന് കൂടുതൽ അഭിമാനിക്കാം; പുരസ്കാരങ്ങളിൽ രാഷ്ട്രീയമില്ല’; ജൂറി ചെയർമാൻ ജയരാജ്
