Headlines

അമിതഭാരമുള്ള തീർത്ഥാടകനെ ചുമക്കുന്ന കഴുത; വൈറൽ വീഡിയോയ്ക്കെതിരെ സോഷ്യൽമീഡിയ | Viral Video of Exhausted Mule Carrying Heavy Pilgrim on Kedarnath Trek T | Buzz News


Last Updated:

കാലങ്ങളായി നിലനിൽക്കുന്ന ഈ യാത്രാ സംവിധാനത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്

News18
News18

ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ തീർത്ഥാടന പാതകളിലൊന്നായ കേദാർനാഥ് യാത്രയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ഈ പാതയിലൂടെ അമിതഭാരമുള്ള ഒരു തീർത്ഥാടകനെ ചുമന്നുകൊണ്ട് പോകുന്ന കഴുതയുടെ ദൃശ്യങ്ങളാണ് വൈറലാകുന്ന വീഡിയോയിലൂള്ളത്. മൃ​ഗങ്ങളോടുള്ള ക്രൂരതയാണ് ഈ വീഡിയോയെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 3,583 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രത്തിലേക്ക് ഗൗരികുണ്ഡിൽ നിന്ന് 16 മുതൽ 18 കിലോമീറ്റർ വരെ കുത്തനെയുള്ള പാത കാൽനടയായി വേണം കയറാൻ. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കുമായി ഇവിടെ കുതിരകളെയും കഴുതകളെയും വ്യാപകമായി ഉപയോഗിക്കാറുണ്ട്.

ഇപ്പോൾ വൈറലായ വീഡിയോയിൽ, ഇളം നീല ടീഷർട്ടും ബീജ് പാന്റും ധരിച്ച കനത്ത ശരീരപ്രകൃതിയുള്ള ഒരാളെയും ചുമന്ന് കഴുത കഷ്ടപ്പെട്ട് മലകയറുന്നത് കാണാം. ഇയാളുടെ ഭാരം ഏകദേശം 140 കിലോയോളം വരുമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിക്കുന്നത്. തീർത്ഥാടകന്റെ അമിതഭാരം കാരണം മൃഗം നടക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ മൃഗക്ഷേമ പ്രവർത്തകരും വലിയൊരു വിഭാഗം ഉപയോക്താക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഭക്തിയുടെ പേരിൽ മൃഗങ്ങളെ ഇത്തരത്തിൽ പീഡിപ്പിക്കുന്നത് ക്രൂരതയാണെന്ന് ഇവർ വാദിക്കുന്നു.

“കേദാർനാഥിലെ 18 കിലോമീറ്റർ കുത്തനെയുള്ള കയറ്റത്തിലൂടെ 140 കിലോ ഭാരമുള്ള മനുഷ്യനെ ചുമക്കാൻ ഈ മൃഗം നിർബന്ധിതനാകുന്നു. ഇത് നഗ്നമായ മൃഗപീഡനമാണ്. തീർത്ഥാടന കേന്ദ്രങ്ങളിൽ മൃഗസവാരിക്ക് വ്യക്തമായ ഭാരപരിധി നിശ്ചയിക്കാൻ അധികൃതർ എന്നാണ് തയ്യാറാവുക?” എന്ന് ഒരു ഉപയോക്താവ് ചോദിക്കുന്നു.

“മൃഗങ്ങളെ ദ്രോഹിച്ചുകൊണ്ട് എന്ത് ആരാധനയാണ് ഉള്ളത്? വീട്ടിലിരുന്നിരുന്നെങ്കിൽ നിങ്ങളുടെ പാപമെങ്കിലും കുറയുമായിരുന്നു” എന്ന രീതിയിൽ തീർത്ഥാടകന് നേരെയും രൂക്ഷമായ കമന്റുകൾ ഉയരുന്നുണ്ട്.

അതേസമയം, കാലങ്ങളായി നിലനിൽക്കുന്ന ഈ യാത്രാ സംവിധാനത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഈ മൃഗങ്ങളാണ് പ്രദേശവാസികളായ നൂറുകണക്കിന് തൊഴിലാളികളുടെ ഏക ജീവനമാർഗ്ഗമെന്നും ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ക്ഷേത്രത്തിലെത്താൻ മറ്റ് വഴികളില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

“മൃഗങ്ങളെ അറുത്ത് ഭക്ഷിക്കുന്നത് ക്രൂരതയല്ലെന്ന് കരുതുന്നവരാണ്, ഉപജീവനത്തിനായി ഒരു മൃഗം ഭാരം ചുമക്കുമ്പോൾ അതിനെ ക്രൂരത എന്ന് വിളിക്കുന്നത്,” എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *