Headlines

ഹോര്‍മുസ് വിട്ട് ഇന്ത്യ; യുഎഇയുമായി പുതിയ ധാരണ, ക്രൂഡ് ഓയില്‍ എത്തുന്ന റൂട്ട് ഇങ്ങനെ | India Bypasses Hormuz Striate; New Move With UAE, Here Is The Route For Crude Oil Imports, But Not Safe


Gulf

oi-Ashif N

ദുബായ്: ഇറാന്‍-അമേരിക്ക യുദ്ധം ശക്തമായ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കു കടത്ത് കൂടുതല്‍ വെല്ലുവിളിയായി. ഹോര്‍മുസ് വഴി പോകുന്ന കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ വിന്യസിക്കരുത് എന്ന് കപ്പല്‍ കമ്പനികള്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കി. ഹോര്‍മുസ് അടഞ്ഞതിനാല്‍ ബദല്‍ മാര്‍ഗം ഇന്ത്യന്‍ കമ്പനികള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ യുഎഇയുമായി പുതിയ ധാരണയുണ്ടാക്കി എന്നാണ് വിവരം. യുഎഇയിലെ തുറമുഖങ്ങള്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ഉപയോഗിക്കും. ഫുജൈറയിലെയും ഖോര്‍ഫക്കാനിലെയും തുറമുഖങ്ങള്‍ വഴിയാണ് ഇന്ത്യന്‍ കമ്പനികള്‍ ചരക്കുകള്‍ എത്തിക്കുന്നത്. ഇതിന്റെ നേട്ടം യുഎഇക്ക് കൂടിയാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമായി യുഎഇ മാറാന്‍ പോകുകയാണ്.

india uae alternative of hormuz

യുഎഇയിലെ ഈ തുറമുഖങ്ങള്‍ ഹോര്‍മുസ് കടല്‍പാതയ്ക്ക് കിഴക്ക് ഭാഗത്താണ്. ഇവിടെ നിന്ന് ക്രൂഡ് ഓയില്‍ കയറ്റുന്ന കപ്പലുകള്‍ക്ക് ഒമാന്‍ ഉള്‍ക്കടല്‍ വഴി അറബിക്കടലിലേക്ക് പ്രവേശിക്കാം. അതുകൊണ്ടുതന്നെ ഇറാന്റെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാമെന്നും കരുതുന്നു. എന്നാല്‍ മറ്റൊരു വെല്ലുവിളി കൂടി ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട്.

യുഎഇയില്‍ എണ്ണപ്പാട മേഖലയായ ഹബ്ഷാനില്‍ നിന്ന് ഫുജൈറ തുറമുഖത്തേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴിയാണ് തുറമുഖത്ത് എണ്ണ എത്തിക്കുന്നത്. ഇവിടെ നിന്ന് കടല്‍മാര്‍ഗം ഹോര്‍മുസ് തൊടാതെ ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാം. എന്നാല്‍ ഈ പ്രദേശം ആക്രമിക്കാന്‍ ഇറാന് തടസമില്ല എന്നതാണ് മറ്റൊരു കാര്യം. മറ്റൊരു പൈപ്പ് ലൈന്‍ കൂടി യുഎഇ നിര്‍മിക്കുന്നുണ്ട്.

ജിസിസിയില്‍ വെട്ടിലായത് ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്

ഹോര്‍മുസിനോട് ചേര്‍ന്ന ഒമാന്‍ കടലില്‍ ഇറാന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതുവഴി പോകുന്ന കപ്പലുകള്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെടുകയും ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധം വ്യാപിച്ച വേളയില്‍ ഈ റൂട്ടും സുരക്ഷിതമാണ് എന്ന് കരുതാന്‍ വയ്യ. എങ്കിലും ഹോര്‍മുസ് പാതയിലെ അത്രതന്നെ ഭീഷണി ഈ റൂട്ടില്‍ ഇല്ല.

ജിസിസി രാജ്യങ്ങളില്‍ ഹോര്‍മുസ് തൊടാതെ ചരക്കുകള്‍ കയറ്റുമതി ചെയ്യാന്‍ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. ഒമാന്‍, യുഎഇ, സൗദി അറേബ്യ എന്നിവര്‍ക്കാണത്. ഒമാന്‍ തുറമുഖത്ത് നിന്ന് വേഗം അറബിക്കടല്‍ വഴി വിദേശത്തേക്ക് ചരക്കുകള്‍ കൊണ്ടുപോകാം. യുഎഇക്ക് ഫുജൈറ തുറമുഖം വഴി ഒമാന്‍ കടലിലേക്ക് കടക്കാം. സൗദി അറേബ്യയ്ക്ക് യാമ്പു തുറമുഖം വഴി ചെങ്കലിലൂടെ ബാബുല്‍ മന്ദിബ് കടലിടുക്ക് വഴി സൂയസ് കനാനിലേക്കും അതുവഴി മെഡിറ്ററേനിയന്‍ കടലിലേക്കും കടക്കാം.

ഈ ഘട്ടത്തില്‍ വലിയ പ്രയാസം നേരിടുന്നത് ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളാണ്. സൗദിയുടെ സഹായത്തോടെ ചരക്കുകള്‍ കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ് കുവൈത്ത്. ഖത്തറും സൗദിയിലൂടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. എങ്കിലും ഈ മേഖലയെല്ലാം ആക്രമിക്കാന്‍ ഇറാന് സാധിക്കും. എന്നാല്‍ ഇറാന്‍ ഇപ്പോള്‍ കേന്ദ്രീകരിക്കുന്നത് പശ്ചിമേഷ്യയിലെ യുഎസ് സേനാ താവളവും ഓഫീസുകളും മാത്രമാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *