Last Updated:
സ്ഥിരവരുമാനമില്ലാത്ത കലാകാരന്മാർക്ക് കൈത്താങ്ങാകുക എന്നതാണ് അമ്മയുടെ ലക്ഷ്യമെന്നും ഇതിനായി കണ്ടെത്തുന്ന ഫണ്ടിലാണ് ചില കുറ്റാരോപിതർ തിരിമറി നടത്തിയതെന്നും ശ്വേത പറഞ്ഞു
പ്രമുഖ താര സംഘടനയായ അമ്മയിലെ ചില കുറ്റാരോപിതർക്കെതിരെയും സാമ്പത്തിക തിരിമറികൾ നടത്തുന്ന പവർ ഗ്രൂപ്പിനെതിരെയും താൻ നടത്തുന്ന പോരാട്ടം തുടരുമെന്ന് നടി ശ്വേത മേനോൻ. സംഘടനയിലെ സാധാരണക്കാരായ അംഗങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെച്ച ഫണ്ടിൽ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തിയെന്നും ഇതേക്കുറിച്ച് ചോദ്യം ചെയ്തതു മുതലാണ് തനിക്കെതിരെ ആക്രമണങ്ങൾ ഉണ്ടായതെന്നും ശ്വേത ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
സ്ഥിരവരുമാനമില്ലാത്ത കലാകാരന്മാർക്ക് കൈത്താങ്ങാകുക എന്നതാണ് അമ്മയുടെ ലക്ഷ്യമെന്നും ഇതിനായി മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ അധ്വാനിച്ച് കണ്ടെത്തുന്ന ഫണ്ടിലാണ് ചില കുറ്റാരോപിതർ തിരിമറി നടത്തിയതെന്നും ശ്വേത പറഞ്ഞു. താൻ ഈ വിഷയം ഉന്നയിച്ചപ്പോൾ ജനറൽ ബോഡി യോഗത്തിൽ വെച്ച് കൈയേറ്റം ചെയ്യാൻ വരെ ശ്രമമുണ്ടായതായും ഈ സാഹചര്യത്തിലാണ് സംഘടനയിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും അവർ വ്യക്തമാക്കി.
മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ ഒരു സാധാരണ സ്ത്രീക്ക് ഒറ്റയ്ക്ക് നേരിടുക എളുപ്പമല്ല. താൻ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതു മുതൽ നിരന്തരമായ ആക്രമണങ്ങളാണ് നേരിടുന്നത്. ഈ കുറ്റാരോപിതരുടെ തട്ടിപ്പുകൾക്ക് ചീത്തപ്പേര് കേൾക്കേണ്ടതില്ല എന്ന് കരുതിയാകാം മോഹൻലാൽ പോലും പ്രസിഡന്റ് സ്ഥാനം രാജിവെച്ചു പോയതെന്നും ശ്വേത കുറിപ്പിൽ സൂചിപ്പിച്ചു.
വ്യക്തിപരമായ നേട്ടങ്ങൾക്കോ സ്ഥാനങ്ങൾക്കോ വേണ്ടിയല്ല തന്റെ പോരാട്ടമെന്നും നുണക്കഥകൾ പ്രചരിപ്പിച്ച് തന്നെ നിശ്ശബ്ദയാക്കാൻ കഴിയില്ലെന്നും ശ്വേത വ്യക്തമാക്കി. തോറ്റാലും സാരമില്ലെന്നും ഈ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ് അംഗങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടു കഴിഞ്ഞതാണ് തന്റെ വിജയമെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
Kochi [Cochin],Ernakulam,Kerala
