Last Updated:
ഇന്ത്യയിലെ ജനങ്ങളുടെ മോശം സാമ്പത്തിക ആസൂത്രണമാണ് പണപ്പെരുപ്പത്തേക്കാൾ വലിയ പ്രശ്നമെന്ന് ഒരു വിഭാഗം വിമർശിക്കുന്നു
പ്രതിവർഷം 45 ലക്ഷം രൂപ പാക്കേജുള്ള ഉയർന്ന ശമ്പളക്കാരനായ ഒരു സോഫ്റ്റ്‌വെയർ ജീവനക്കാരന് മാസാവസാനം കയ്യിൽ ഒരൊറ്റ രൂപ പോലും ബാക്കിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാൽ ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിൽ നിന്നുള്ള സൂര്യ എന്ന സോഫ്റ്റ്‌വെയർ കൺസൾട്ടന്റിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു സാമ്പത്തിക ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. വർഷം 45 ലക്ഷം രൂപ ശമ്പളമുണ്ടെങ്കിലും നികുതിയും മറ്റ് പിടുത്തങ്ങളും കഴിഞ്ഞ് പ്രതിമാസം ഏകദേശം 2.45 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് കൈപ്പറ്റാൻ സാധിക്കുന്നത്. മാസാവസാനം തന്റെ പണം എവിടേക്കാണ് പോകുന്നതെന്ന് തനിക്ക് അറിയില്ലെന്നും സാധാരണയായി ഒന്നും തന്നെ ബാക്കിയുണ്ടാകാറില്ലെന്നും മ്യൂച്വൽ ഫണ്ട് ഉപദേഷ്ടാവായ അൻഷുമാൻ ശർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂര്യ തുറന്നുപറഞ്ഞു. ഒരു വർഷം പഴക്കമുള്ള ഈ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് ജനങ്ങൾക്കിടയിൽ വാദപ്രതിവാദങ്ങൾ ഉയർന്നത്.
തന്റെ വരുമാനം എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാക്കാൻ സൂര്യ തന്റെ പ്രതിമാസ ചെലവുകൾ കൃത്യമായി വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബാധ്യത പ്രതിമാസം 63,000 രൂപ വരുന്ന ഹൗസിംഗ് ലോൺ ഇഎംഐ ആണ്. ഇത് തന്റെ പ്രതിമാസ വരുമാനത്തിന്റെ 30 ശതമാനത്തിൽ താഴെയായതിനാൽ സുരക്ഷിതമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇതിനുപുറമേ മൂന്നര വയസ്സുകാരനായ മകന്റെ സ്കൂൾ ഫീസിനായി 11,000 രൂപയും, പലചരക്കിനും ഭക്ഷണത്തിനുമായി 12,000 രൂപയും ഇദ്ദേഹം ചെലവഴിക്കുന്നുണ്ട്. മറ്റ് നിത്യോപയോഗ ആവശ്യങ്ങൾക്കായി 20,000 രൂപയും, ഷോപ്പിംഗ്, അവധിക്കാല യാത്രകൾ, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങിയ ലൈഫ് സ്റ്റൈൽ കാര്യങ്ങൾക്കായി 32,000 രൂപയും പ്രതിമാസം മാറ്റിവെക്കുന്നു. വിവാഹത്തിന് ശേഷവും കുട്ടിയുണ്ടായതിന് ശേഷവുമാണ് ജീവിതച്ചെലവുകളിൽ ഈ വലിയ വർദ്ധനവുണ്ടായതെന്നും, അതുകൊണ്ട് തന്നെ മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നും സൂര്യ വ്യക്തമാക്കുന്നു.
സൂര്യയുടെ സാമ്പത്തിക സ്ഥിതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ മോശം സാമ്പത്തിക ആസൂത്രണമാണ് പണപ്പെരുപ്പത്തേക്കാൾ വലിയ പ്രശ്നമെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോൾ, പ്ലേസ്കൂളുകൾ മാതാപിതാക്കളെ ചൂഷണം ചെയ്യുകയാണെന്നും ഉപഭോക്തൃ സംസ്കാരത്തിന്റെ ഇരകളാണ് ഇന്നത്തെ മധ്യവർഗമെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ബെംഗളൂരു പോലുള്ള ഒരു മെട്രോ നഗരത്തിൽ ഒരു കുടുംബത്തിന് ജീവിക്കാൻ ഈ തുക തികച്ചും ന്യായമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. നഗരത്തിലെ ഉയർന്ന ജീവിതച്ചെലവും മാതാപിതാക്കളുടെ സംരക്ഷണവും കണക്കിലെടുക്കുമ്പോൾ സൂര്യയുടെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും, ഒരു സാധാരണ മധ്യവർഗ കുടുംബത്തിന്റെ യാഥാർത്ഥ്യമാണ് ഈ കണക്കുകളെന്നും പലരും എക്സിൽ കുറിച്ചു.
Bangalore,Karnataka
‘വർഷം 45 ലക്ഷം രൂപ വരുമാനം; എന്നിട്ടും മാസാവസാനം കയ്യിൽ പണമില്ല’: ബെംഗളൂരു ടെക്കിയുടെ വെളിപ്പെടുത്തൽ
