Headlines

കൊച്ചിക്കാരുടെ ആ സ്വപ്‌നം പൂവണിയുന്നു; തമ്മനം-പുല്ലേപ്പടി റോഡിന് 100 കോടി രൂപയുടെ ഭരണാനുമതി..! | Kochi: Administrative Approval Of Rs 100 Crore For The Thammanam Pullepady Road


Kerala

oi-Nidhin Illikkambath

കൊച്ചി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി അനിശ്ചിതത്വത്തിൽ തുടരുന്ന തമ്മനം-പുല്ലേപ്പടി റോഡ് പദ്ധതി യാഥാർഥ്യമാകാനുള്ള നിർണായക ചുവടുവെപ്പ് നടത്തി സംസ്ഥാന സർക്കാർ. പദ്ധതിക്ക് 100 കോടിയുടെ ഭരണാനുമതിയും സാങ്കേതിക അംഗീകാരവും ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പികെ ബഷീറാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. അനുവദിച്ച തുകയിൽ 93.89 കോടി രൂപ കിഫ്ബി വഴിയാണ് ലഭ്യമാക്കുന്നത്.

പദ്ധതിക്കാവശ്യമായ ഭൂമി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭൂമിയേറ്റെടുപ്പിനുള്ള പ്രാഥമിക വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി. ഭൂമിയേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

kochi

എറണാകുളം എംഎൽഎ ടിജെ വിനോദ് നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം. 2016-17 കാലഘട്ടത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ലെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. അതിന് പിന്നാലെയാണ് പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം നടപടികൾ വേഗത്തിലാക്കുന്നത്.

എംജി റോഡിലെ പത്മ ജംഗ്ഷനെ തമ്മനം-ചക്കരപ്പറമ്പ് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 3.6 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് ഈ പദ്ധതി. കൊച്ചിയിലെ പ്രധാന ഗതാഗതക്കുരുക്കുകൾക്ക് സ്ഥിരപരിഹാരം കാണാൻ കഴിയുന്ന പദ്ധതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഭൂമിയേറ്റെടുപ്പ് നടപടികൾ 1998-ൽ ആരംഭിച്ചിരുന്നു. അന്ന് 83 ഭൂവുടമകൾ സ്വമേധയാ 102.41 ഏക്കർ ഭൂമി കൊച്ചി കോർപ്പറേഷന് കൈമാറിയിരുന്നു.

പിന്നീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലത്ത് കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 25 കോടി ഉപയോഗിച്ച് കൂടുതൽ ഭൂമിയും ഏറ്റെടുത്തു. എന്നാൽ ഇപ്പോഴും ഏകദേശം ഒമ്പത് ഏക്കർ ഭൂമി, 212 സർവേ നമ്പറുകളിലായി, 500-ഓളം ഭൂവുടമകളിൽ നിന്ന് ഏറ്റെടുക്കാനുണ്ട്. ഇതാണ് പദ്ധതിയുടെ പ്രധാന കടമ്പ.

പദ്ധതി പിന്നീട് കേരള റോഡ് ഫണ്ട് ബോർഡിന് (കൈമാറുകയും അലൈൻമെന്റും അതിർത്തിക്കല്ലുകളും സ്ഥാപിക്കുകയും ചെയ്തെങ്കിലും, റിയൽ ടൈം കൈനമാറ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവേ ഇതുവരെ പൂർത്തിയായിട്ടില്ല. ഇതുമൂലം ഭൂമിയുടെ മൂല്യനിർണയവും ഏറ്റെടുപ്പ് നടപടികളും വീണ്ടും വൈകുകയാണ്. ഈ സാഹചര്യത്തിൽ ഏറെനാളായി വിഷയത്തിൽ ഇടപെടൽ തേടുകയാണ് പ്രദേശവാസികൾ.

റവന്യൂ ഉദ്യോഗസ്ഥരുടെ കുറവും നടപടികൾ വൈകാൻ കാരണമായിട്ടുണ്ട്. എന്നാൽ ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ സർവേ നടപടികൾക്കായി കൂടുതൽ റവന്യൂ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. അതേസമയം, പദ്ധതി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ റോഡിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ ഭാഗങ്ങളിൽ കൃത്യമായ അറ്റകുറ്റപ്പണി നടത്തി വാഹനഗതാഗതം സുഗമമാക്കണമെന്ന ആവശ്യവും പ്രദേശവാസികൾ മുന്നോട്ടുവച്ചിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *