Last Updated:
“എട്ട് തുന്നലുകൾ വരെ ഇടേണ്ടി വന്നു. എന്നിട്ടും മകൻ പിന്മാറാനോ വിശ്രമിക്കാനോ തയ്യാറായില്ല,” ചിരഞ്ജീവി പറഞ്ഞു
‘പെദ്ധി’യുടെ (Peddi) വിജയാഘോഷ വേദിയിൽ ശ്രദ്ധേയമായി, രാം ചരണിന്റെ കണ്ണിനേറ്റ പരിക്കിനെക്കുറിച്ചുള്ള ചിരഞ്ജീവിയുടെ (Chiranjeevi) പരാമർശം. മകന്റെ പരിക്കേറ്റ ചിത്രം ആദ്യമായി കണ്ട നിമിഷം ഓർത്ത ചിരഞ്ജീവി വികാരാധീനനായി. തുടർന്ന്, ‘പെദ്ധി’യെ രാം ചരണിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി അദ്ദേഹം വിശേഷിപ്പിച്ചു.
സിനിമ കണ്ട അനുഭവം പങ്കുവെച്ച ചിരഞ്ജീവി, ചിത്രം തനിക്ക് തീർത്തും വൈകാരിക അനുഭവമായിരുന്നുവെന്ന് പറഞ്ഞു. “സിനിമ കാണുമ്പോൾ ഞാൻ മറ്റൊരു ലോകത്തേക്ക് കടന്നുപോയതുപോലെയായിരുന്നു. കഥാപാത്രങ്ങളുമായി ഞാൻ പൂർണമായും ഇണങ്ങി, അവരുടെ പോരാട്ടങ്ങളും വികാരങ്ങളും എന്റേതെന്ന പോലെ അനുഭവിച്ചു,” അദ്ദേഹം പറഞ്ഞു.
തുടർന്ന് മകനെ അഭിനന്ദിച്ച ചിരഞ്ജീവി, “ഒരു നടന് ആവശ്യമായ എല്ലാ ഘടകങ്ങളിലും രാം ചരൺ പക്വത കൈവരിച്ചിട്ടുണ്ട്. അത് അദ്ദേഹം സ്‌ക്രീനിൽ നൂറ് ശതമാനം പ്രകടമാക്കുകയും ചെയ്തു. ഒരു പിതാവെന്ന നിലയിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ഒരു സഹനടൻ എന്ന നിലയിലും മുതിർന്ന നടൻ എന്ന നിലയിലും പറയട്ടെ, ഇത്രയധികം തീവ്രതയോടെയും ആത്മാർഥതയോടെയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനെ അപൂർവമായേ കണ്ടിട്ടുള്ളൂ. അദ്ദേഹം തന്റെ പരമാവധി കഴിവ് ഈ ചിത്രത്തിനായി നൽകിയിട്ടുണ്ട്. നടനെന്ന നിലയിൽ രാം ചരണിനെ ഞാൻ അഭിനന്ദിക്കുന്നു; പിതാവെന്ന നിലയിൽ അഭിമാനിക്കുന്നു,” എന്നും ചിരഞ്ജീവി പറഞ്ഞു.
കുടുംബപശ്ചാത്തലവും താരപദവിയുടെ ആനുകൂല്യങ്ങളും ഒരിക്കലും ആശ്രയിക്കാതെ സ്വന്തം പരിശ്രമത്തിലൂടെയാണ് മകൻ മുന്നേറിയതെന്ന് ചിരഞ്ജീവി പറഞ്ഞു. “ചരൺ ഒരു സൂപ്പർതാരത്തിന്റെ മകനാണ്. ജനനം മുതൽ തന്നെ എല്ലാ സൗകര്യങ്ങളും ലഭിച്ച ഒരാളാണ്. അതുകൊണ്ട് തന്നെ ഇത്രയും കഠിനാധ്വാനം ചെയ്യാതെ, സംവിധായകൻ ആവശ്യപ്പെടുന്നത് ചെയ്തുകൊണ്ട് മുന്നോട്ടുപോകാമായിരുന്നു. പക്ഷേ അദ്ദേഹം തെരഞ്ഞെടുത്തത് കഠിനാധ്വാനത്തിന്റെ വഴിയായിരുന്നു,” ചിരഞ്ജീവി പറഞ്ഞു.
‘പെദ്ധി’യ്ക്കായി രാം ചരൺ നടത്തിയ തയ്യാറെടുപ്പുകൾ അടുത്തുനിന്ന് കണ്ട അനുഭവവും അദ്ദേഹം പങ്കുവെച്ചു. “ഈ സിനിമയ്ക്കായി വീട്ടിൽ വെച്ച് അദ്ദേഹം നടത്തിയ ശാരീരിക പരിവർത്തനം ഞാൻ ദിവസവും കണ്ടു. രാം ചരണിന്റെ ഫിറ്റ്‌നസ് യാത്ര എന്റെ കണ്ണുകൾക്ക് മുന്നിലൂടെയാണ് കടന്നുപോയത്. പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനം ആരംഭിക്കും. തുടർന്ന് സെറ്റിലേക്ക് പോകും. രാത്രി വൈകി വീട്ടിലെത്തിയാലും വിശ്രമിക്കാതെ, ഒരു സൂപ്പ് കുടിച്ച ശേഷം വീണ്ടും പരിശീലനത്തിനായി സമയം കണ്ടെത്തും.
ഒരു ഘട്ടത്തിൽ ഞാൻ മകനോട്, ‘ഇത്രയും കഷ്ടപ്പെടേണ്ടതുണ്ടോ?’ എന്ന് ചോദിച്ചിരുന്നു. പക്ഷേ ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തെയും അർപ്പണബോധത്തെയും ഞാൻ അഭിനന്ദിക്കുന്നു. ആ സമർപ്പണം നേരിൽ കണ്ടപ്പോൾ എനിക്ക് അതിയായ അഭിമാനമാണ് തോന്നിയത്,” ചിരഞ്ജീവി പറഞ്ഞു.
രാം ചരണിന് ഷൂട്ടിങ്ങിനിടെ സംഭവിച്ച ഗുരുതരമായ പരിക്കിനെക്കുറിച്ചും അത് കുടുംബത്തെ എത്രത്തോളം ആശങ്കയിലാഴ്ത്തിയെന്നും ചിരഞ്ജീവി തുറന്നുപറഞ്ഞു.
“ഷൂട്ടിങ്ങിനിടെ ചരണിന്റെ കണ്ണിന് സമീപം ഗുരുതരമായി പരിക്കേറ്റു. ആ പരിക്കിന്റെ ചിത്രം ആദ്യമായി കണ്ടപ്പോൾ ഞാൻ ശരിക്കും ഭയന്നുപോയി. എട്ട് തുന്നലുകൾ വരെ ഇടേണ്ടി വന്നു. എന്നിട്ടും മകൻ പിന്മാറാനോ വിശ്രമിക്കാനോ തയ്യാറായില്ല,” ചിരഞ്ജീവി പറഞ്ഞു.
പരിക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. “പരിക്ക് അൽപം താഴെയായിരുന്നെങ്കിൽ കണ്ണിന്റെ കാഴ്ച തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞിരുന്നു. ഭാഗ്യവശാൽ പരിക്ക് പുരിക ഭാഗത്താണ് ഏറ്റത്. എന്റെ മകന് വലിയ അപകടമൊന്നും സംഭവിച്ചില്ലെന്ന് മനസ്സിലായപ്പോഴാണ് എനിക്ക് ആശ്വാസമായത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
എട്ട് സ്റ്റിച്ചുകൾ; എന്റെ മകന്റെ കാഴ്ച പോയേനെ; ‘പെദ്ധി’ ഷൂട്ടിംഗ് അപകടത്തെക്കുറിച്ച് വികാരാധീനനായി ചിരഞ്ജീവി
