Headlines

‘IFFK കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം’; മന്ത്രി പി.സി. വിഷ്ണുനാഥ് | സിനിമാ വാർത്ത


Last Updated:

മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രാജ്യാന്തര ഫിലിം സിറ്റിയാണ് കൊച്ചിയിൽ വരാൻ പോകുന്നതെന്നും മന്ത്രി

News18
News18

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്‌കെ) തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് . ഐഎഫ്എഫ്‌കെ ഈ വർഷം ഡിസംബറിലും തിരുവനന്തപുരത്ത് തന്നെയായിരിക്കും നടക്കുക. മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച രാജ്യാന്തര ഫിലിം സിറ്റിയാണ് കൊച്ചിയിൽ വരാൻ പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വേദി ഈ സർക്കാർ കൊച്ചിയിലേക്ക് മാറ്റാൻ പോകുന്നുവെന്നും തിരുവനന്തപുരത്തിന് അത് നഷ്ടമാകുമെന്നുമുള്ള രീതിയിൽ ചില പ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ചലച്ചിത്രോത്സവത്തിന്റെ വേദി മാറില്ലെന്നും ഇത്തവണയും ഡിസംബറിൽ തിരുവനന്തപുരത്ത് വെച്ച് തന്നെ മേള നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പ്രഖ്യാപിച്ച ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി കൊച്ചിയിലാണ് വരാൻ പോകുന്നത്. ഇന്ത്യയിൽ തന്നെ മാതൃകയാകുന്ന ഈ ഫിലിം സിറ്റി മലയാള സിനിമകൾക്കും മറ്റ് ഭാഷകളിലെ ചിത്രങ്ങൾക്കും ഷൂട്ടിങ്ങിന് ഉൾപ്പെടെയുള്ള വലിയ സൗകര്യങ്ങളൊരുക്കുന്ന ഒരു സംരംഭമായിരിക്കും. ഐഎഫ്എഫ്‌കെ തിരുവനന്തപുരത്തും ഫിലിം സിറ്റി കൊച്ചിയിലുമായിരിക്കും പ്രവർത്തിക്കുക. ചലച്ചിത്രമേഖലയിലെ സംഘടനകളുടെ കാലങ്ങളായുള്ള ആവശ്യമായ സിനിമയെ വ്യവസായമാക്കുക എന്ന നിർദ്ദേശം സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി സിനിമയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിചേർത്തു.

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിലാണ് കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് സ്ഥിരം വേദിയൊരുക്കുമെന്നും പ്രഖ്യാപിച്ചത്. ഇതാണ് ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് നിന്നും മാറ്റുന്നുവെന്ന തെറ്റായ പ്രചാരണങ്ങൾക്ക് കാരണമായത്.



Source link

Leave a Reply

Your email address will not be published. Required fields are marked *