Last Updated:
മത്സരം നടന്നുകൊണ്ടിരിക്കുമ്പോൾ പ്രത്യേക അനുമതിയില്ലാതെ ഉടമകളോ പ്രതിനിധികളോ കളിക്കാരെയോ സപ്പോർട്ട് സ്റ്റാഫിനെയോ ഡഗ്ഔട്ട് ഏരിയകളെയോ സമീപിക്കാൻ പാടില്ലെന്ന് ബോർഡ് വ്യക്തമാക്കുന്നു

2026 ഐപിഎൽ സീസണിൽ ടീം ഉടമകളും ഉദ്യോഗസ്ഥരും മത്സരദിന ചട്ടങ്ങൾ (മാച്ച്-ഡേ പ്രോട്ടോക്കോളുകൾ) തുടർച്ചയായി ലംഘിക്കുന്നു എന്ന ആന്റി കറപ്ഷൻ യൂണിറ്റിന്റെ (ACU) റിപ്പോർട്ടിനെത്തുടർന്ന് ഫ്രാഞ്ചൈസികൾക്ക് മേൽ ബിസിസിഐ നിരീക്ഷണം കർശനമാക്കി.
വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കെത്തന്നെ ഫ്രാഞ്ചൈസി പ്രതിനിധികൾ പലതവണ നിയന്ത്രിത മേഖലകളിൽ പ്രവേശിച്ചതായി എസിയു റിപ്പോർട്ട് ചെയ്തതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഗൗരവം കണക്കിലെടുത്ത്, കളിക്കാരും മാച്ച് ഒഫീഷ്യലുകളുമായി ബന്ധപ്പെടുന്നതിനുള്ള നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ എല്ലാ ഫ്രാഞ്ചൈസികൾക്കും ഔദ്യോഗിക നിർദ്ദേശം നൽകി.
മത്സരം നടന്നുകൊണ്ടിരിക്കുമ്പോൾ പ്രത്യേക അനുമതിയില്ലാതെ ഉടമകളോ പ്രതിനിധികളോ കളിക്കാരെയോ സപ്പോർട്ട് സ്റ്റാഫിനെയോ ഡഗ്ഔട്ട് ഏരിയകളെയോ സമീപിക്കാൻ പാടില്ലെന്ന് ബോർഡ് വ്യക്തമാക്കുന്നു. എന്നാൽ പലയിടത്തും ഉടമകൾ ഹോസ്പിറ്റാലിറ്റി ബോക്സുകളിൽ നിന്ന് ടീം അംഗങ്ങളുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചതായും കളിക്കളത്തിന് തൊട്ടടുത്ത് വരെ എത്തിയതായും എസിയു കണ്ടെത്തിയിട്ടുണ്ട്.
ടീം ഉടമകളുടെ പെരുമാറ്റം ആശങ്കാജനകമാണെന്നും അവർ നിയമങ്ങൾ കാറ്റിൽ പറത്തുകയും അധികൃതരുമായി സഹകരിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഡഗ്ഔട്ടിന് സമീപം ഇവർ നിൽക്കുന്ന ചിത്രങ്ങളും ഫോണുകളുമായി ഗ്രൗണ്ടിലിറങ്ങുന്ന ദൃശ്യങ്ങളും തെളിവായി ലഭിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പുകൾ നൽകിയിട്ടും ഫലമുണ്ടാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മത്സരസമയത്തെ ഇത്തരം അനിയന്ത്രിതമായ ഇടപെടലുകൾ ടീമിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അഴിമതിവിരുദ്ധ സുരക്ഷാ ക്രമീകരണങ്ങളിൽ വിള്ളലുണ്ടാക്കുമെന്നുമാണ് എസിയു വിലയിരുത്തുന്നത്. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും ചില ഫ്രാഞ്ചൈസി പ്രതിനിധികൾ നിയന്ത്രിത മേഖലകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ചതായും സ്റ്റേഡിയങ്ങളിൽ സെക്യൂരിറ്റി ജീവനക്കാർ ആവശ്യപ്പെടുമ്പോൾ അക്രഡിറ്റേഷൻ കാർഡുകൾ കാണിക്കാൻ വിമുഖത കാട്ടിയതായും റിപ്പോർട്ടിലുണ്ട്.
ഇതിനെത്തുടർന്ന് ബിസിസിഐ ഫ്രാഞ്ചൈസി സിഇഒമാരുടെ യോഗം വിളിച്ചുചേർക്കുകയും സുരക്ഷാ ആശങ്കകൾ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. ഇനി മുതൽ നിയമലംഘനങ്ങൾ ഉണ്ടായാൽ നിസ്സാരമായി കാണില്ലെന്നും ഉടമകളുടെയും അതിഥികളുടെയും പെരുമാറ്റത്തിന് ഫ്രാഞ്ചൈസികൾ പൂർണ്ണ ഉത്തരവാദികളായിരിക്കുമെന്നും ബോർഡ് ആവർത്തിച്ചു.
New Delhi,New Delhi,Delhi


