മെയ് 16ന് കാനിലെ ബുനുവല്‍ തീയറ്ററില്‍ വൈകീട്ട് 3:45നാണ് സ്‌ക്രീനിംഗ്. 2001-ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച 10 ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജോണ്‍ എബ്രഹാമിന്റെ ഈ കള്‍ട്ട് മലയാളം സിനിമയ്ക്കു ലഭിക്കുന്ന മറ്റൊരു വലിയ ആഗോള അംഗീകാരമാകും കാനിലെ സ്‌ക്രീനിംഗ്.
തനിക്ക് ആദ്യ നായകവേഷം നല്‍കിയ അമ്മ അറിയാന്‍ ഈ വര്‍ഷം കാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം മൂന്ന് വര്‍ഷം ചിലവഴിച്ചു.കൂടാതെ ഇതിലെ നിരവധി കഥാപാത്രങ്ങള്‍ക്ക് ഞാന്‍ തന്നെ ശബ്ദവും നല്‍കി.ലോകമെമ്പാടുമുള്ള പുതിയ പ്രേക്ഷകര്‍ക്ക് ‘അമ്മ അറിയാന്‍’ എത്തിക്കുന്നതില്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ നടത്തിയ പുനരുദ്ധാരണ ശ്രമങ്ങളോട് അതിയായ നന്ദിയുണ്ട്.”ആദ്യം വിമര്‍ശകര്‍ ശ്രദ്ധിക്കാതിരിക്കുകയും ഏറെക്കുറെ നിരസിക്കുകയും ചെയ്ത ചിത്രത്തിന്റെ റെസ്റ്റോറേഷനുവേണ്ടി സമയവും സൂക്ഷ്മമായ അദ്ധ്വാനവും സമര്‍പ്പിച്ച ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂരിനോടും മഹത്തായ പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരോടും നന്ദി രേഖപ്പെടുത്തുന്നു, ജോയ് മാത്യു പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ വിപ്ലവാത്മക ശബ്ദങ്ങളിലൊരാളാണ് സംവിധായകന്‍ ജോണ്‍ എബ്രഹാമെന്ന് ചലച്ചിത്ര സംവിധായകന്‍ കൂടിയായ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ പറഞ്ഞു.

1987-ല്‍ 49-ാം വയസ്സിലെ അപ്രതീക്ഷിത വിയോഗത്തിന് മുന്‍പ് ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത നാല് സിനിമകളില്‍ അവസാനത്തേതായിരുന്നു അമ്മ അറിയാന്‍. പതിവ് തിയേറ്റര്‍ റിലീസ് എന്നതില്‍ നിന്നു മാറി ഈ സിനിമ ഉണ്ടാകാന്‍ സഹായിച്ച ജനങ്ങളിലേക്ക് നേരിട്ടെത്തിയ ഒരു പക്ഷേ ആദ്യത്തേതും അവസാനത്തേതുമായ സിനിമയാവുകയായിരുന്നു.ഒരു ചെറുപ്പക്കാരന്റെ മരണവാര്‍ത്ത അമ്മയെ അറിയിക്കാന്‍ പുറപ്പെടുന്ന പ്രധാന കഥാപാത്രം തന്റെ യാത്രയിൽ കണ്ടെത്തുന്നവരിലൂടെ വ്യക്തിപരവും രാഷ്ട്രീയവുമായ അനുഭവമായി മാറുകയായിരുന്നു.
മാജി വെങ്കടേഷ്, കുഞ്ഞിലക്ഷ്മി അമ്മ, ഹരിനാരായണന്‍, നിലമ്പൂര്‍ ബാലന്‍, രാമചന്ദ്രന്‍ മൊകേരി, നസീം, വേണു കെ. മേനോന്‍, ആനന്ദ്, റഷീദ്, ഹംസ, സത്യന്‍. ഇരിങ്ങല്‍ ഖനിതൊഴിലാളികള്‍, വടകര കരാട്ടെ വിദ്യാര്‍ത്ഥികള്‍,വയനാട്, കോഴിക്കോട്, കൊടുങ്ങല്ലൂര്‍, ഫോര്‍ട്ടുകൊച്ചി, കോട്ടപ്പുറം, എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഒറിജിനല്‍ ക്യാമറ നെഗറ്റീവോ സബ്ടൈറ്റിലുകളോ ഇല്ലാത്ത കേവലം ഒരു പ്രിന്റ് മാത്രം ഉള്ള സാഹചര്യത്തില്‍ ഈ റീസ്റ്റോറേഷന്‍ ഒരു വലിയ വെല്ലുവിളിയായിരുന്നു. ഞാന്‍ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍, ജോണ്‍ എബ്രഹാമിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു കള്‍ട്ട് പരിവേഷം ഉണ്ടായിരുന്നു.ഞങ്ങളിലൊക്കെ വലിയ സ്വാധീനം ചെലുത്തി. cinéma vérité ശൈലിയില്‍ വേണു ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ സിനിമ, ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും അതിര്‍ത്തികളെ അപ്രസക്തമാക്കി, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ഡയറക്ടര്‍ ശിവേന്ദ്ര സിംഗ് ദുങ്ഗാര്‍പൂര്‍ പറഞ്ഞു.
‘അമ്മ അറിയാന്‍’ എല്ലാ അര്‍ത്ഥത്തിലും ഒരു പ്രതിഷേധമായിരുന്നു വെന്ന് ഛായാഗ്രാഹകൻ വേണു പറഞ്ഞു.. ഏറെ പ്രശംസിക്കപ്പെട്ട രണ്ടു ചിത്രങ്ങള്‍ക്ക് ശേഷമായിട്ട് പോലും ജോൺ എബ്രഹാമിന് ഒരു നിര്‍മാതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല, അതിനാല്‍ അദ്ദേഹം സിനിമയിലെ മൂലധനാധിപത്യത്തെ വെല്ലുവിളിച്ചു.ഒരേ സമയം അപകടകരവും അനിശ്ചിതത്വവും നിറഞ്ഞ ഒരു ആവേശമായിരുന്നു സൃഷ്ടിപരമായി അത്യന്തം തീവ്രമായ ഇതിന്റെ ചിത്രീകരണമെന്ന് വേണു പറഞ്ഞു.
ചിത്രത്തിന്റെ ആദ്യ ആലോചന മുതല്‍ ഉണ്ടായിരുന്ന വ്യത്യസ്തത പോലെ ജോണ്‍ എബ്രഹാമിന്റെ പ്രതിഭയും ഒഡേസ കളക്ടീവിന്റെ ആത്മാവും ഒത്തുചേര്‍ന്നപ്പോഴാണ് ഇങ്ങനെ ഒരു അസാധരണ ചിത്രമുണ്ടായതെന്ന് എഡിറ്റര്‍ ബീന പോള്‍ പറഞ്ഞു.
ഈ വര്‍ഷം ഞങ്ങള്‍ക്ക് ലഭിച്ച മികച്ച സിനിമകളില്‍ ഒന്നാണ് ‘അമ്മ അറിയാന്‍.’ ചിത്രമൊട്ടാകെ പടര്‍ന്നിരിക്കുന്ന തീവ്രത, ക്യാമറയുടെ നീക്കങ്ങള്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങള്‍ അന്നത്തെ രാഷ്ട്രീയ അന്തരീക്ഷം-ഇവയൊക്കെയാണ് എന്നെ അതിശയിപ്പിച്ചത്. 60-കളിലോ 70-കളിലോ ദക്ഷിണ അമേരിക്കയില്‍ നിന്നുള്ള ഒരു 16mm ഫീച്ചര്‍ സിനിമ കാണുന്നതുപോലെ എനിക്ക് തോന്നി, പക്ഷേ അത് 80-കളിലെ ഇന്ത്യയിയുടെ ആവിഷ്‌കരമാണ്. അതുകൊണ്ടുതന്നെ ഇത് കാന്‍സ് ക്ലാസിക്സിനായി വളരെ അനുയോജ്യമെന്ന് തോന്നിയതായി കാന്‍സ് ക്ലാസിക്സിന്റെ ഹെഡ് ജെറാള്‍ഡ് ഡുശോസോയ പറഞ്ഞു.

2023-ലാണ് ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിന്റെ റീസ്റ്റോറേഷന്‍ ആരംഭിച്ചത്. പൊതുവായി ലഭ്യമായ ഏകകോപ്പി മോശം ഗുണമേന്മയുള്ള ഒരു ഓണ്‍ലൈന്‍ കോപ്പിയായിരുന്നു. പ്രിന്റുകളില്‍ ഗണ്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു-സ്‌ക്രാച്ചുകള്‍, പൊട്ടിയ സ്‌പ്ലൈസുകള്‍, ഇമള്‍ഷന്‍ കേടുപാടുകള്‍ എന്നിവ ഉള്‍പ്പെടെ. ഇന്ത്യയില്‍ പ്രാരംഭ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ശേഷം, പുനരുദ്ധാരണം L’Immagine Ritrovata (ബൊളോണ്യ)യിലും Digital Film Restore Pvt. Ltd. ലും നടന്നു.
2014-ല്‍ മുംബൈയില്‍ സ്ഥാപിതമായ ഒരു ലാഭേച്ഛയില്ലാത്ത സംഘടനയായ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍. ചലച്ചിത്ര പൈതൃകത്തിന്റെ സംരക്ഷണം, പരിപാലനം, പുനരുദ്ധാരണം എന്നിവയ്ക്ക് പിന്തുണ നല്‍കുകയും സിനിമയുടെ ഭാഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ബഹുമുഖ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.
‘തമ്പ്’ (അരവിന്ദന്‍ ), ‘ഇശാനു’ (അരിബം ശ്യാം ശര്‍മ്മ), ‘മന്ഥന്‍’ (ശ്യാം ബെനഗല്‍), ‘അരണ്യര്‍ ദിന്‍ രാത്രി’ (സത്യജിത് റേ), ‘ഗെഹേനു ലമൈ’ (സുമിത്ര പെരീസ്) എന്നീ ചിത്രങ്ങളാണ് 2022 മുതല്‍ 2025 വരെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ കാനിലെ റെഡ് കാര്‍പെറ്റ് ലോക പ്രീമിയറുകളില്‍ എത്തിച്ച സിനിമകള്‍.


