കന്നഡ ടെലിവിഷൻ-സിനിമ രംഗങ്ങളിൽ തന്റേതായ ഇടം കണ്ടെത്തിയ ദിലീപ് രാജ് വൈവിധ്യമാർന്ന വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്
കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജിന്റെ അപ്രതീക്ഷിത മരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രാജ്യം ഈ വിയോഗത്തിൽ ദുഃഖിച്ചിരിക്കെ, ചില ഞെട്ടിക്കുന്ന വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്.
‘ഉദയവാണി’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, കയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ചിലെ റീഡിംഗിൽ വിശ്വസിച്ച് ദിലീപ് രാജ് ശാരീരിക അസ്വസ്ഥതകൾ അവഗണിച്ചതായാണ് സൂചന. മെയ് 12ന് രാത്രി 47-കാരനായ നടന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഉടൻ ചികിത്സ തേടിയില്ല. സ്മാർട്ട് വാച്ചിൽ ഹൃദയമിടിപ്പ് സാധാരണ നിലയിലാണെന്ന് കണ്ടതുകൊണ്ടാണ് അദ്ദേഹം അസ്വസ്ഥതകൾ കാര്യമാക്കാതിരുന്നതെന്ന് പറയപ്പെടുന്നു.
ഹൃദയമിടിപ്പിൽ അസ്വാഭാവികതയൊന്നും സ്മാർട്ട് വാച്ച് കാണിക്കാത്തതിനാലാണ് അദ്ദേഹം ലക്ഷണങ്ങൾ അവഗണിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. പിന്നീട് അസ്വസ്ഥത കൂടിയതോടെ കുമാരസ്വാമി ലേഔട്ടിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി.
കന്നഡ ടെലിവിഷൻ പരമ്പരകളിലൂടെ വലിയ ജനപ്രീതി നേടിയ ദിലീപ് രാജ് സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2005ൽ ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിൽ എത്തിയത്. പരേതനായ കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ സഹോദരനായി അഭിനയിച്ച ‘മിലാന’ ഉൾപ്പെടെ 25-ലധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. ‘പരിചയ’, ‘ബോർഡർ’, ‘യു ടേൺ’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്. ‘രഥസപ്തമി’, ‘പ്രീതിക്കായി’ തുടങ്ങിയ ഹിറ്റ് സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
നിലവിൽ ‘കൃഷ്ണ രുക്കു’ എന്ന ജനപ്രിയ പരമ്പരയുടെ നിർമ്മാതാവായിരുന്നു അദ്ദേഹം. ‘ലവ് മോക്ടെയിൽ 3’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദിലീപ് രാജിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Bangalore [Bangalore],Bangalore,Karnataka


